ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ ഞങ്ങളെ ചൂഷണം ചെയ്തു, പക്ഷെ സഹായത്തിന് ആരുമില്ല; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ ചൂഷണത്തിനിരയാകുന്നതായി റിപ്പോര്‍ട്ട്
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനത്തിന് പണിയെടുപ്പിച്ചുകൊണ്ട് തൊഴില്‍ചൂഷണത്തിന് ഇരയാക്കുന്നതായി റിപ്പോര്‍ട്ട്.
തങ്ങളെ കനേഡിയന്‍ സര്‍ക്കാര്‍ വിലകുറഞ്ഞ ഒരു ‘തൊഴില്‍ സ്രോതസാ’യി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ ‘ഉപേക്ഷിക്കുകയും’ ചെയ്യുന്നതായാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇവരുടെ പ്രതികരണങ്ങളുള്‍പ്പെടെ ചൊവ്വാഴ്ച ബ്ലൂംബെര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
”ഞങ്ങളെ ആവശ്യമായി വന്നപ്പോള്‍ അവര്‍ ചൂഷണം ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്ക് അവരുടെ പിന്തുണയും സഹായവും ആവശ്യമായി വന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ ഫീസും ടാക്‌സുമെല്ലാം അടക്കുന്നുണ്ട്. പക്ഷെ തിരിച്ച് ഞങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല,” ടോറന്റോയിലെ Ernst & Young മുന്‍ കണ്‍സള്‍ട്ടന്റ് അന്‍ഷ്ദീപ് ബിന്ദ്ര പ്രതികരിച്ചു.
”കുടിയേറി പാര്‍ക്കാനും പഠിക്കാനും ജീവിക്കാനും വേണ്ടി കാനഡ എന്ന രാജ്യത്തെ തെരഞ്ഞെടുത്തതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു.
വിദേശികളായ വിദ്യാര്‍ത്ഥികളെ കാനഡ കുറച്ചുകൂടി ബഹുമാനിക്കേണ്ടതുണ്ട്. അവരെ തുച്ഛമായ വേതനത്തിന് വേണ്ടിയുള്ള ഉപകരണങ്ങളായി മാത്രമല്ല കാണേണ്ടത്,” ടൊറന്റോയിലെ സെനെക കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിയും അക്കൗണ്ടന്റുമായ ഡാനിയല്‍ ഡിസൂസ പറഞ്ഞു.
കാനഡയിലുള്ള വിദേശികളായ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷവും 18 മാസത്തേക്ക് രാജ്യത്ത് താമസിച്ചുകൊണ്ട് ജോലി തേടാനും വേണ്ടി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പെര്‍മിറ്റ് എക്‌സ്റ്റെന്‍ഷന്‍ മൂവ് (permit extension move) അവതരിപ്പിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊറോണക്ക് ശേഷം എക്കോണമി തുറന്നുവന്ന സമയമായിരുന്നു അത്.
കാനഡയില്‍ 1.83 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിവിധ മേഖലകളിലായി ഉന്നതവിദ്യാഭ്യാസത്തിനായി എത്തി താമസിക്കുന്നത്. വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പോപ്പുലര്‍ ചോയ്‌സുകളിലൊന്ന് കൂടിയാണ് കാനഡ.
അതേസമയം, ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലൂടെയും (ഈ സെപ്റ്റംബറില്‍ 5.2 ശതമാനം) തൊഴിലാളി ക്ഷാമത്തിലൂടെയുമാണ് കാനഡ നിലവില്‍ കടന്നുപോകുന്നത്. അതിനിടെ രാജ്യത്തെ കടുത്ത തൊഴിലാളിക്ഷാമം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ (Sean Fraser) പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ കാനഡ 4.52 ലക്ഷത്തിലധികം സ്റ്റഡി പെര്‍മിറ്റ് ആപ്ലിക്കേഷനുകള്‍ പ്രോസസ് ചെയ്തിട്ടുണ്ടെന്നും ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലാണെന്നും (3.67 ലക്ഷം) ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.
2021ല്‍ മൊത്തത്തില്‍ 6.2 ലക്ഷം സ്റ്റഡി പെര്‍മിറ്റ് ആപ്ലിക്കേഷനുകളാണ് കാനഡയിലെത്തിയത്. ഇതില്‍ മൂന്നിലൊന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ളതായിരുന്നു. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതും, പെര്‍മനന്റ് റെസിഡന്‍സി ഇല്ലാത്തതും തൊഴിലില്ലായ്മയുമൊക്കെ കാരണം ഇതില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും ഭാവി അനിശ്ചിതാവസ്ഥയിലാണ്.
Content Highlight: Report says Indian Students In Canada are being exploited for cheap labour