| Wednesday, 31st January 2024, 8:46 am

ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നു; ലോകരാജ്യങ്ങളില്‍ 93ാം റാങ്ക്, 2022നേക്കാള്‍ മോശം: റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായി കണ്ടെത്തെല്‍. 2022നെ അപേക്ഷിച്ച് ഇന്ത്യയില്‍ അഴിമതിയുടെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 180 രാജ്യങ്ങളുടെ പട്ടികയില്‍ 93ാം റാങ്കിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 85ാം റാങ്കായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള അഴിമതി നിരക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്‌സ്, സി.പി.ഐ (Corruption Perceptions Index, CPI)യുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മിക്ക രാജ്യങ്ങള്‍ക്കും പൊതുമേഖലയിലെ അഴിമതി തടയുന്നതില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

മൂന്നില്‍ രണ്ട് രാജ്യങ്ങള്‍ക്കും 50ല്‍ താഴെ പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വിദഗ്ധരുടെയും ബിസിനസുകാരുടെയും അഭിപ്രായമനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. 180 രാജ്യങ്ങളെ അവരുടെ പൊതുമേഖലയിലെ അഴിമതിയുടെ നിലവാരം അനുസരിച്ചാണ് റാങ്ക് ചെയ്യുന്നത്.

ഇതിനായി 0 മുതല്‍ 100 വരെ സ്‌കെയില്‍ ഉപയോഗിച്ച് ഓരോ രാജ്യങ്ങള്‍ക്കുമുള്ള പോയിന്റുകള്‍ നിശ്ചയിക്കുന്നു. 0 എന്നാല്‍ അവിടം അഴിമതി നിറഞ്ഞതാണെന്നും 100 അഴിമതി രഹിതമാണെന്നും സൂചിപ്പിക്കുന്നു. പൂജ്യത്തില്‍ നിന്നും നൂറിലേക്ക് ഓരോ പോയിന്റുകള്‍ വര്‍ധിക്കും തോറും അഴിമതിയുടെ തോത് കുറയും.

‘രാജ്യത്തെ നീതിന്യായ വ്യവസ്ഥകള്‍ക്ക് തെറ്റുകള്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ നല്‍കാനും സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നതും വരെ അഴിമതി തഴച്ചുവളരും,’ ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഫ്രാങ്കോയിസ് വെലാറിയന്‍ പറഞ്ഞു.

പട്ടികയില്‍ 93ാം റാങ്കാണ് ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് റാങ്കുകളാണ് ഇന്ത്യ താഴേക്കിറങ്ങിയത്. 2023ല്‍ ഇന്ത്യയുടെ സ്‌കോര്‍ 39 മാത്രമാണ്, 2022ല്‍ അത് 40 ആയിരുന്നു.

‘ ഇന്ത്യയുടെ സ്‌കോറിങ്ങില്‍ (39) ഏറ്റക്കുറച്ചിലുകള്‍ കാണിക്കുന്നുണ്ട്. ഇതില്‍ നിന്നും ഒരു ഉറച്ച നിഗമനത്തിലേക്കെത്തുക സാധ്യമല്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൗലികാവകാശങ്ങള്‍ക്ക് ഭീഷണിയാകുന്ന (ടെലികമ്മ്യൂണിക്കേഷന്‍) ബില്‍ പാസാക്കിയതുള്‍പ്പെടെ ഇന്ത്യയില്‍ സിവിക് സ്‌പേസ് കുറഞ്ഞുവരുന്നതായി മനസിലാക്കുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ശ്രീലങ്ക 115ാം റാങ്കിലെത്തിയപ്പോള്‍ പാകിസ്ഥാന് 133ാം റാങ്കാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും കടബാധ്യതയും സാമ്പത്തിക അസ്ഥിരതയും നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും ഇരു രാജ്യങ്ങളുടെയും മേല്‍ ജുഡീഷ്യല്‍ മേല്‍നോട്ടമുണ്ടെന്നും ഇത് സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു.

Content Highlight: Report says India ranks 93 out of 180 countries in corruption

We use cookies to give you the best possible experience. Learn more