| Thursday, 5th May 2022, 2:35 pm

സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കി താലിബാന്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കാബൂളിലെയും മറ്റ് ചില പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതാണ് നിര്‍ത്തലാക്കിയത്.

താലിബാന്‍ ഭരണം കയ്യടക്കുന്നതിന് മുമ്പ് തലസ്ഥാനമായ കാബൂള്‍ അടക്കമുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ സ്വതന്ത്രമായി വാഹനങ്ങള്‍ ഓടിച്ചിരുന്നെന്നും എന്നാലിപ്പോള്‍ താലിബാന്‍ ഇത് നിരോധിച്ചിരിക്കുകയാണെന്നുമാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മേല്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കടുത്ത വസ്ത്ര നിയന്ത്രണങ്ങള്‍ കാരണം ബാല്‍ക്ക് അടക്കമുള്ള പ്രവിശ്യകളിലെ സ്‌കൂളുകള്‍ അടച്ചിടല്‍ ഭീഷണിയിലാണെന്നായിരുന്നു ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

പെണ്‍കുട്ടികളെ ബെല്‍റ്റ് ധരിക്കാന്‍ അനുവദിക്കുന്നില്ല, കൈമുട്ട് വരെ കവര്‍ ചെയ്യുന്ന രീതിയിലുള്ള സ്ലീവുകളായിരിക്കണം എന്നിങ്ങനെയാണ് നിയന്ത്രണങ്ങളെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതിന് മുമ്പ് പെണ്‍കുട്ടികളുടെ സെക്കന്ററി വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ആറാം ക്ലാസിന് മുകളിലുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു താലിബാന്‍ പ്രഖ്യാപിച്ചത്.

മാസങ്ങളായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍, പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ട് വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആറാം ക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍ പറഞ്ഞത്.

ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്നായിരുന്നു താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ നിന്നുതന്നെ വന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഏകദേശം ഒമ്പതോളം പ്രവിശ്യകളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിച്ചിരുന്നു.

പക്ഷെ, മാര്‍ച്ചിനുള്ളില്‍ എല്ലാ സ്‌കൂളുകളും തുറക്കുമെന്ന വാക്ക് പാലിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഇതില്‍ പലതും വീണ്ടും അടച്ചിടുകയായിരുന്നു.

അതേസമയം, കടുത്ത് ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള മാനുഷിക പ്രശ്‌നങ്ങളിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു താലിബാന്‍ അഫ്ഗാന്റെ ഭരണം കയ്യടക്കിയത്.

Content Highlight: Report says, in Afghanistan Taliban stopped issuing driving licenses to women in Kabul and other provinces

We use cookies to give you the best possible experience. Learn more