| Monday, 18th July 2022, 8:41 am

ബംഗ്ലാദേശില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വ്യാപക ആക്രമണം; ഹിന്ദു ക്ഷേത്രവും വീടുകളും നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വീണ്ടും ആക്രമണം. ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടെ ക്ഷേത്രത്തിനും വീടുകള്‍ക്കും കടകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഇസ്‌ലാമിനെ വിലകുറച്ച് കാണുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഹിന്ദുക്കളുടെ വീടുകളും മറ്റും ആക്രമിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശിലാണ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വെള്ളിയാഴ്ച അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് മുന്നറിയിപ്പായി വെടിവെച്ചു. ബംഗ്ലാദേശിലെ നരേയ്ല്‍ ജില്ലയിലെ സഹപറ ഗ്രാമത്തില്‍ രാത്രി അക്രമികള്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടുണ്ട്.

ക്ഷേത്രത്തിലെ ഫര്‍ണിച്ചറുകളും അക്രമികള്‍ തല്ലിതകര്‍ത്തു. നിരവധി കടകളും ഇത്തരത്തില്‍ നശിപ്പിച്ചതായി ദ ഡെയ്‌ലി സ്റ്റാര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്‌ലാമിനെ തംതാഴ്ത്തുന്ന രീതിയില്‍ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത് മുസ്‌ലിം വിഭാഗത്തിനിടയില്‍ രോഷത്തിന് കാരണമായെന്നും ഇതാണ് വ്യാപകമായി അക്രമങ്ങളിലേക്ക് നയിച്ചതെന്നുമാണ് വിവരം. പോസ്റ്റ് ചെയ്ത യുവാവിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. ഇതോടെ ഇയാളുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

യുവാവിന്റെ വീടിന് മുന്നിലും ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

അതേസമയം അക്രമിസംഘത്തിലെ ആരെയും ഇതുവരെ തിരച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും നിയന്ത്രണവിധേയമാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

”സംഭവത്തില്‍ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് കാരണക്കാരായവര്‍ അതിനുള്ള നടപടികളും നേരിടേണ്ടി വരും. ഇപ്പോള്‍ സാഹചര്യം ശാന്തമാണ്,” നരേയ്ല്‍ ജില്ലയിലെ പൊലീസ് സൂപ്രണ്ട് പ്രബിര്‍ കുമാര്‍ റോയ് പറഞ്ഞു.

കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രദേശത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പലതിനും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും കാരണമായിട്ടുണ്ട്.

Content Highlight: report says Hindu temple and homes vandalised in Bangladesh over a Facebook post belittling Islam

We use cookies to give you the best possible experience. Learn more