| Wednesday, 15th December 2021, 5:01 pm

'ഒന്നുകില്‍ വാക്‌സിനെടുക്കൂ, അല്ലെങ്കില്‍ ശമ്പളവും ജോലിയും മറന്നേക്കു'; വാക്‌സിന്‍ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: കൊവിഡ് വാക്‌സിന്‍ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. വാക്‌സിനെടുക്കാത്ത തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കുന്നതും ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതുമടക്കമുള്ള കര്‍ശന നടപടികള്‍ക്കാണ് കമ്പനി ഒരുങ്ങുന്നത്.

ഗൂഗിളിന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ച് സി.എന്‍.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിളിന്റെ നേതൃത്വത്തില്‍ നിന്നും പുറത്തുവിട്ട മെമോ പ്രകാരം ഡിസംബര്‍ മൂന്ന് വരെയായിരുന്നു ജീവനക്കാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് സംബന്ധിച്ച രേഖ ഹാജരാക്കാന്‍ സമയം കൊടുത്തിരുന്നത്.

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ അതിന് മതപരമോ ആരോഗ്യപരമോ ആയ കാരണങ്ങള്‍ തെളിവ് സഹിതം വ്യക്തമാക്കാനും മെമോയില്‍ ആവശ്യപ്പെടുന്നുണ്ട്.

രേഖകള്‍ ഹാജരാക്കാത്ത ജീവനക്കാരെ കമ്പനിയുടെ തീരുമാനപ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാക്കുമെന്നും പറയുന്നുണ്ട്.

തുടര്‍ച്ചയായി കൊവിഡ് ടെസ്റ്റ് നടത്തുന്നത് വാക്‌സിന്‍ എടുക്കുന്നതിന് പകരമാവില്ലെന്നും കമ്പനി വ്യക്തമാക്കി.

2022 ജനുവരി 18നകം വാക്‌സിന്‍ എടുക്കാത്ത തൊഴിലാളികളെ ഗൂഗിള്‍ 30 ദിവസത്തേക്ക് ‘പെയ്ഡ് അഡ്മിനിസ്‌ട്രേറ്റീവ് ലീവി’ല്‍ പ്രവേശിപ്പിക്കുമെന്നും അതിന് ശേഷം പേയ്‌മെന്റ് ഇല്ലാത്ത വ്യക്തിഗത ലീവ് ആയിരിക്കും നല്‍കുകയെന്നും ചൊവ്വാഴ്ച പുറത്തുവിട്ട സി.എന്‍.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

വേതനമില്ലാത്ത അവധി ആറ് മാസം നീണ്ടുനിന്ന ശേഷം പിന്നീട് പിരിച്ചുവിടല്‍ നടപടികളിലേക്ക് കടക്കും.

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് ടെക്‌നോളജി ഭീമനായ ഗൂഗിള്‍ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ഗൂഗിളിന്റെ കീഴില്‍ 1,50,000ലധികം ജീവനക്കാരാണ് തൊഴിലെടുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Report says Google told employees it will reduce pay or even fire them if they don’t comply with vaccine rules

We use cookies to give you the best possible experience. Learn more