|

വിരമിച്ച അർജന്റൈൻ ഇതിഹാസം മെസിയുടെ തട്ടകത്തിലേക്ക്? ആവേശത്തിൽ ഫുട്ബോൾ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്ന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹിഗ്വയ്‌ന്റെ സഹോദരനും ടീമിന്റെ യൂത്ത് കോച്ച് കൂടിയായ ഫെഡറികോ ഹിഗ്വയ്ന്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഹിഗ്വയ്ന്‍ യൂത്ത് ടീമില്‍ ഒരു പ്ലെയര്‍ ഡെവലപ്‌മെന്റ് കോച്ചിന്റെ റോള്‍ ഏറ്റെടുക്കാനും തന്റെ സഹോദരനോടൊപ്പം പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുമായി ഹിഗ്വയ്‌ന് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ പന്തുതട്ടിയ അനുഭവസമ്പത്തുള്ള താരമാണ് ഹിഗ്വയ്ന്‍. റയല്‍ മാഡ്രിഡ്, നാപ്പോളി, യുവന്റസ്, ചെല്‍സി എന്നീ ടീമുകള്‍ക്ക് വേണ്ടിയായിരുന്നു താരം ബൂട്ട് കെട്ടിയിരുന്നത്.

2020ലായിരുന്നു ഹിഗ്വയ്ന്‍ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്. മൂന്നുവര്‍ഷത്തോളമാണ് അമേരിക്കന്‍ ക്ലബ്ബിനൊപ്പം താരം പന്ത് തട്ടിയത്. മയാമിക്കൊപ്പം 70 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ഹിഗ്വയ്ന്‍ 29 ഗോളുകളും 11 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

അതേസമയം മെസി 2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് മയാമിയിലെത്തുന്നത്. അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ വരവോടുകൂടി ലീഗില്‍ ഇന്റര്‍ മയാമി തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മായാമി സ്വന്തമാക്കിയിരുന്നു.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്.

ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 30 മത്സരങ്ങളില്‍ നിന്നും 19 വിജയവും ഏഴ് സമനിലയും നാല് തോല്‍വിയും അടക്കം 64 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. ഒക്ടോബര്‍ മൂന്നിന് കൊളംബസിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ലോവര്‍ കോം ഫീല്‍ഡിലാണ് മത്സരം നടക്കുക.

Content Highlight: Report Says Gonzalo Higuain Want to Join Inter Miami

Latest Stories

Video Stories