2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
ഇപ്പോഴിതാ പുതിയ സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഒരു അപ്രതീക്ഷിത നീക്കമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം.
ആര്‍.സി.ബിയെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാക്‌സ്‌വെല്‍ അണ്‍ഫോളോ ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്ന് ഇതുവരെ ആരാധകര്‍ക്ക് ഉറപ്പായിട്ടില്ല. കാരണം ഇതിനുമുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ മാക്‌സ്‌വെല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതോടെ താരം അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് വിടുമോ എന്നാണ് ആരാധകര്‍ക്കിടയില്‍ ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നത്.
ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ബെംഗളൂരു ആരാധകര്‍ ആവേശത്തോടെ വിളിക്കുന്ന കെ.ജി.എഫ് എന്ന കൂട്ടുകെട്ടിന് കൂടി ആയിരിക്കും വിരമമാവുക. കോഹ്‌ലി, ഗ്ലെന്‍ മാക്സ്‌വെല്‍, ഫാഫ് ഡ്യൂപ്ലെസിസ് എന്നീ മൂന്ന് താരങ്ങളെയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ കെ.ജി.എഫ് എന്ന് വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ഓസ്‌ട്രേലിയന്‍ താരത്തിന് സാധിച്ചിരുന്നില്ല. പത്തു മത്സരങ്ങളില്‍ നിന്നും വെറും 52 റണ്‍സ് മാത്രമായിരുന്നു മാക്‌സ്‌വെല്‍ നേടിയത്.
2021ല്‍ 14.25 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ ബെംഗളൂരു സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം താരത്തെ 11 കോടി രൂപ കൊടുത്ത് ടീം നിലനിര്‍ത്തുകയായിരുന്നു. ടീമിനൊപ്പം ഉള്ള തന്റെ ആദ്യ സീസണില്‍ 513 റണ്‍സായിരുന്നു മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. 2022ല്‍ 31 റണ്‍സും 2023ല്‍ 400 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ബെംഗളൂരുവിന് വേണ്ടി താരം നടത്തിയത്.
അതേസമയം നിലവിലെ ബെംഗളൂരുവിന്റെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിന് പകരം റോയല്‍ ചലഞ്ചേഴ്‌സ് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ തേടുന്നുവെന്നും വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുലിനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ടീമിനൊപ്പം 2013, 2016 സീസണുകളില്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. പിന്നീട് താരം പഞ്ചാബ് കിങ്സിലേക്ക് ചേക്കേറുകയായിരുന്നു. പഞ്ചാബിനൊപ്പം ക്യാപ്റ്റന്‍ എന്ന റോളില്‍ ആയിരുന്നു രാഹുല്‍ കളിച്ചിരുന്നത്.
കഴിഞ്ഞ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന ആറു മത്സരങ്ങളും വിജയിച്ചു കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്.എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട് ഫാഫ് ഡുപ്ലെസിസും സംഘവും കിരീട സ്വപ്നം അവസാനിപ്പിക്കുകയായിരുന്നു ബെംഗളൂരു.
Content Highlight: Report says Glenn Maxwell Unfollow RCB in Instagram