കൊൽക്കത്തക്കൊപ്പം രണ്ട് തവണ ചാമ്പ്യനായ സൂപ്പർതാരത്തെ ഇന്ത്യൻ ടീമിനൊപ്പം ചേർക്കാൻ ആവശ്യപ്പെട്ട് ഗംഭീർ
Cricket
കൊൽക്കത്തക്കൊപ്പം രണ്ട് തവണ ചാമ്പ്യനായ സൂപ്പർതാരത്തെ ഇന്ത്യൻ ടീമിനൊപ്പം ചേർക്കാൻ ആവശ്യപ്പെട്ട് ഗംഭീർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2024, 4:18 pm

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ബി.സി.സി.ഐ നിയമിച്ചിരുന്നു. ഇപ്പോഴിതാ മുന്‍ നെതര്‍ലാന്‍ഡ്സ് താരം റയാന്‍ ടെന്‍ ഡോസ്‌ചേറ്റിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാക്കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടു എന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ താരമായിരുന്നു റയാന്‍ ടെന്‍ ഡോസ്‌ചേ. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊല്‍ക്കത്ത നേടുമ്പോഴും ടീമിന്റെ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്നു മുന്‍ ഡച്ച് താരം.

അതുകൊണ്ടുതന്നെ ഗൗതം ഗംഭീര്‍ മെന്റര്‍ ആയിരിക്കുന്ന സമയത്ത് കൊല്‍ക്കത്തക്കൊപ്പം ഇരുവരും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ ഗുണമാണ് ഉണ്ടാക്കുക. കൊല്‍ക്കത്തക്ക് പുറമെ മറ്റ് പല ഫ്രാഞ്ചൈസികളുടെയും കോച്ചിങ് സ്റ്റാഫ് അംഗമാവാനും മുന്‍ നെതര്‍ലാന്‍ഡ്സ് താരത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ഐ.പി.എല്ലില്‍ മെന്റര്‍ എന്ന നിലയില്‍ കൊല്‍ക്കത്തയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗംഭീര്‍ നടത്തിയത്. തന്റെ പഴയ ടീമിനെ നീണ്ട 10 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ എത്തിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു.

ഇതോടെ ക്യാപ്റ്റന്‍ എന്ന രണ്ട് കിരീടവും മെന്റര്‍ എന്ന നിലയില്‍ ഒരു കിരീടവും കൊല്‍ക്കത്തക്കൊപ്പം സ്വന്തമാക്കാന്‍ ഗംഭീറിന് സാധിച്ചു. ഗംഭീറിന്റെ കീഴില്‍ 2012, 2014 എന്നീ വര്‍ഷങ്ങളിലായിരുന്നു കൊല്‍ക്കത്ത കിരീടം നേടിയത്.

അതേസമയം നിലവില്‍ ഇന്ത്യ സിംബാബ്‌വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് ഉള്ളത്. ഈ പരമ്പരക്ക് ശേഷം ഓഗസ്റ്റില്‍ നടക്കുന്ന ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ ആയിരിക്കും ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുക.

ഇതിനോടകം തന്നെ പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 2-1 എന്ന നിലയില്‍ മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ശക്തമായി തിരിച്ചുവരികയായിരുന്നു.

 

Content Highlight: Report says Gautham Gambhir wants Ryan ten Doeschate for Indian Coaching staff