| Thursday, 24th November 2022, 7:14 pm

ഖത്തറിനെതിരായ വിമര്‍ശനം അതിരുകടന്നത്; ഫുട്‌ബോള്‍ കളിക്കാന്‍ പോയാല്‍ അത് ചെയ്യണം; ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: 2022 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ വിവിധ പാശ്ചാത്യമാധ്യമങ്ങള്‍ അജണ്ടയോടെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ (French Football Federation) പ്രസിഡന്റ് നോയല്‍ ലെ ഗ്രെറ്റ് Noël Le Graët).

ഫ്രഞ്ച് ചാനലായ ആര്‍.ടി.എല്ലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖത്തറിനെ ന്യായീകരിച്ചുകൊണ്ടുള്ള ഗ്രെറ്റിന്റെ പ്രതികരണം. ഖത്തറിനെതിരെ അതിരുകടന്നുളള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

”അവരെന്താണോ അതാണീ രാജ്യം (ഖത്തര്‍). ഞാന്‍ ഇതിന്റെ ഫുട്‌ബോള്‍ വശത്തെയാണ് നോക്കിക്കാണുന്നത്,” ഗ്രെറ്റ് പറഞ്ഞു. ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ മേധാവി അഭിപ്രായപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തവണത്തെ ഖത്തര്‍ ലോകകപ്പ് ഒരു വമ്പന്‍ വിജയമാണെന്നും അദ്ദേഹം പ്രശംസിച്ചു. ”ചൊവ്വാഴ്ചയിലെ ടെലിവിഷന്‍ റേറ്റിങ് അതിന്റെ റെക്കോഡിലെത്തി എന്നുള്ളതാണ് അതിനുള്ള തെളിവ്. മത്സരം പ്രദര്‍ശിപ്പിച്ച കഫേകളെല്ലാം നിറഞ്ഞിരിക്കുകയായിരുന്നു,” ഗ്രെറ്റ് പറഞ്ഞു.

2022ലെ ലോകകപ്പ് ഖത്തറില്‍ വെച്ച് നടത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച അദ്ദേഹം വണ്‍ ലവ് ആം ബാന്‍ഡ് വിവാദത്ത കുറിച്ചും അഭിമുഖത്തില്‍ പ്രതികരിച്ചു.

”ഞാന്‍ ഈ ആം ബാന്‍ഡിനെ അനുകൂലിക്കുന്നില്ല, എന്നല്ല ഈ പറയുന്നതിന്റെ അര്‍ത്ഥം. പക്ഷെ എനിക്ക് തോന്നുന്നു, നമ്മള്‍ മറ്റുള്ളവരെ കാര്യമായി ഓരോന്ന് പഠിപ്പിക്കുമ്പോള്‍ ഇടയ്ക്ക് നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നത് എന്നുകൂടി ആദ്യമൊന്ന് പരിശോധിക്കണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് (Hugo Lloris) വണ്‍ ലവ് എന്ന ആം ബാന്‍ഡ് ധരിക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗ്രെറ്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

അതേസമയം, എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്കെതിരായ ഖത്തറിന്റെ വിവേചനത്തിനെതിരായ ക്യാമ്പെയ്നിന്റെ ഭാഗമായി ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ മഴവില്‍ നിറമുള്ള ആം ബാന്‍ഡ് ധരിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഫിഫയുടെ അച്ചടക്ക നടപടി ഭീഷണിയെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.

ഖത്തറിനെതിരായ വിമര്‍ശനങ്ങളെ തള്ളിക്കൊണ്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പ്രതികരിച്ചതിന് സമാനമായാണ് ഗ്രെറ്റിന്റെയും പ്രതികരണം.

ബി.ബി.സി, റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ ഖത്തര്‍ വിരുദ്ധ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

നേരത്തെ, ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്രഈലി അവതാരകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ ഗായകന്‍ മലുമ (Maluma) അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇസ്രഈലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കാന്‍ ഖത്തറില്‍ വെച്ച് നടത്തിയ അഭിമുഖമാണ് ഖത്തര്‍ വേള്‍ഡ് കപ്പ് ആന്‍തമായ (World Cup anthem) ടൂക്കോ ടാക്കയുടെ (Tukoh Taka) ഗായകരിലൊരാളായ മലുമ ബഹിഷ്‌കരിച്ചത്.

ഖത്തറിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് മലുമയോട് തുടര്‍ച്ചയായി ചോദ്യം ചോദിക്കുകയും മറുപടി പറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് മലുമ ഇറങ്ങിപ്പോയത്.

അതേസമയം, ലോകകപ്പിന്റെ വേദിയാകുന്ന ആദ്യ അറബ് രാജ്യമായ ഖത്തറിനെതിരെ പാശ്ചാത്യ മാധ്യമങ്ങള്‍ ക്യാമ്പെയിന്‍ മോഡലില്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിയേഴ്സ് മോര്‍ഗന്‍ തന്നെ ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞിരുന്നു.

സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമാക്കി കണക്കാക്കുന്ന ഖത്തറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നായിരുന്നും ഖത്തറിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെയും വിമര്‍ശനങ്ങളുടെയും അതേ അളവുകോല്‍ വെച്ച് മറ്റ് രാജ്യങ്ങളെയും അളക്കാന്‍ തുടങ്ങിയാല്‍ ലോകകപ്പിന് വേദിയാകാന്‍ യോഗ്യതയുള്ള ഒരു രാഷ്ട്രവും ഉണ്ടാകില്ലെന്നുമായിരുന്നു പിയേഴ്സ് മോര്‍ഗന്‍ പറഞ്ഞത്.

”ലോകകപ്പിന് മത്സരിക്കുന്ന 32 രാജ്യങ്ങളില്‍ എട്ടിലും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗാനുരാഗത്തിന്റേ പേരും പറഞ്ഞാണ് നിങ്ങള്‍ ഖത്തറിനെതിരെ തിരിയുന്നതെങ്കില്‍ മറ്റ് ഏഴ് രാജ്യങ്ങളോടും അങ്ങനെ തന്നെ പെരുമാറണം. അമേരിക്കയിലേക്ക് വേദി മാറ്റാനാണ് ആലോചിക്കുന്നതെങ്കില്‍ അവിടെ ഇതിനേക്കാള്‍ ക്രൂരവും പിന്തിരിപ്പനുമായ നിയമങ്ങളാണുള്ളത്. അബോര്‍ഷന്റെ കാര്യം തന്നെ ഉദാഹരണം. യു.കെയിലും അങ്ങനെ തന്നെയാണ്.

ഇറാഖില്‍ നിയമവിരുദ്ധ അധിനിവേശം നടത്തിയവരാണ് നമ്മള്‍ (യു.എസ്). ഐ.എസ്.ഐ.എസിന്റെ തീവ്രവാദത്തിനും തുടക്കം കുറിച്ചു. 20 വര്‍ഷങ്ങളിലേറെയായി ആ തീവ്രവാദം തുടരുന്നു. ആ നമുക്ക് ലോകകപ്പ് വേദിയാകാന്‍ എന്തെങ്കിലും യോഗ്യതയുണ്ടോ,” എന്നായിരുന്നു പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞത്.

പാശ്ചാത്യമാധ്യമങ്ങളടക്കമുള്ളവര്‍ ഖത്തറിനെതിരെ നല്‍കുന്ന വാര്‍ത്തകളും വിമര്‍ശനങ്ങളും ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞതാണെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയും (Gianni Infantino) പറഞ്ഞിരുന്നു.

”ഇത് ഇരട്ടത്താപ്പാണ്. നൂറ് ശതമാനവും അനീതിയാണ് ഈ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 3000 വര്‍ഷം കൊണ്ട് നമ്മള്‍ യൂറോപ്പുകാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷത്തേക്കെങ്കിലും മാപ്പ് പറയണം. എന്നിട്ടേ മറ്റുള്ളവര്‍ക്ക് സാരോപദേശം കൊടുക്കാന്‍ പാടുള്ളു,” ഇന്‍ഫെന്റിനോ പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തെ കുറ്റകൃത്യമായി തന്നെ കണക്കാക്കുന്ന ഖത്തറിലെ നിയമവ്യവസ്ഥക്കെതിരെ ഖത്തറില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു.

ലോകകപ്പിന്റെ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങളെയും തൊഴില്‍ ചൂഷണങ്ങളെയും കുറിച്ച് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ ടീമുകളും പാശ്ചാത്യമാധ്യമങ്ങളും ഖത്തറിനെതിരെ വ്യാജ വാര്‍ത്തകളടക്കം നല്‍കികൊണ്ട് നടത്തുന്ന ക്യാമ്പെയ്നിന് പിന്നില്‍ മുസ്‌ലിം വിരോധവും വംശീയതയുമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Report says French football chief says criticism against Qatar is excessive

We use cookies to give you the best possible experience. Learn more