2020ല്‍ ആദായനികുതി അടച്ചിരുന്നില്ല; ഡൊണാള്‍ഡ് ട്രംപിന്റെ വരുമാന കണക്കുകള്‍ പുറത്ത്
World News
2020ല്‍ ആദായനികുതി അടച്ചിരുന്നില്ല; ഡൊണാള്‍ഡ് ട്രംപിന്റെ വരുമാന കണക്കുകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2022, 8:35 am

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്‍സി കാലയളവിന്റെ അവസാന വര്‍ഷം ആദായനികുതി അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.

ബിസിനസുകളിലുണ്ടായ നഷ്ടം കാരണം 2020ല്‍ ട്രംപ് നികുതി അടച്ചിരുന്നില്ലെന്നാണ് ഒരു കോണ്‍ഗ്രസ് പാനല്‍ പുറത്തുവിട്ട നികുതി കണക്കുകള്‍ പ്രകാരം പറയുന്നത്.

യു.എസ് പ്രസിഡന്റായി വൈറ്റ് ഹൗസിലുണ്ടായിരുന്ന നാലുവര്‍ഷത്തിനിടെ ട്രംപിന്റെ വരുമാനത്തിലും നികുതി ബാധ്യതയിലും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

‘ഒരു വിജയകരമായ വ്യവസായി’ എന്ന നിലയില്‍ റിപ്പബ്ലിക്കന്‍സിനിടയില്‍ ദീര്‍ഘകാലമായി ട്രംപിനുണ്ടായിരുന്ന പ്രതിച്ഛായ കൂടിയാണ് ഈ റിപ്പോര്‍ട്ടിലൂടെ തിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ട്രപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കോടതിയില്‍ വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള വേസ് ആന്‍ഡ് മീന്‍സ് കമ്മിറ്റി (Ways and Means Committee) ചൊവ്വാഴ്ച വൈകീട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തന്റെ നികുതി ബാധ്യത നികത്താന്‍ വേണ്ടി ബിസിനസിലുണ്ടായ നഷ്ടം ട്രംപ് ഉപയോഗിച്ചതായും യു.എസ് കോണ്‍ഗ്രസ് കമ്മിറ്റി (US congressional committe) പുറത്തുവിട്ട രേഖകളില്‍ പറയുന്നുണ്ട്.

ബിസിനസുകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിന്റെ പേരില്‍ ട്രംപ് പല സമയത്തും ആദായ നികുതിയില്‍ ഇളവ് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 916 മില്യണ്‍ ഡോളര്‍ വരെ ഇത്തരത്തില്‍ കിഴിവ് നല്‍കിയിട്ടുണ്ട്.

ഇങ്ങനെ ഇളവ് നല്‍കിയതിന്റെ നിയമസാധുത റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുമുണ്ട്.

Content Higlight: Report says former US President Donald Trump paid no income tax in 2020