ബ്ലാസ്റ്റേഴ്സിന്റെ ജോസൂട്ടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; തീപാറിക്കാൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ
Football
ബ്ലാസ്റ്റേഴ്സിന്റെ ജോസൂട്ടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്നു; തീപാറിക്കാൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th July 2024, 1:17 pm

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. സെപ്റ്റംബറില്‍ നടക്കാന്‍ പോവുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മുന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ജോസു പ്രീറ്റോ കരിയസ് വീണ്ടും കേരളത്തിന്റെ മണ്ണിലേക്ക് കളിക്കാനെത്തുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ക്ലബ്ബുകളാണ് താരത്തെ ടീമില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനതപുരം കൊമ്പന്‍സാണ് താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന മുന്‍ നിര ക്ലബ്ബ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം രണ്ട് സീസണുകളിലാണ് സ്പാനിഷ് താരം പന്തുതട്ടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ2016-17 സീസണില്‍ ആയിരുന്നു ജോസു കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയത്. ആദ്യ സീസണില്‍ ടീമിന്റെ മധ്യനിരയില്‍ കളിച്ച താരം അടുത്ത സീസണില്‍ സ്റ്റീവ് കോപ്പലിന്റെ കീഴില്‍ ഡിഫന്‍സിലായിരുന്നു പന്ത് തട്ടിയത്.

രണ്ട് സീസണില്‍ കേരളത്തിന്റെ മധ്യനിരയില്‍ നിറഞ്ഞാടി കൊണ്ട് മലയാളി ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്താന്‍ ജോസുവിന് സാധിച്ചിരുന്നു. 2016 സീസണില്‍ കേരളം ഫൈനല്‍ വരെ മുന്നേറിയിരുന്നു. എന്നാല്‍ കലാശ പോരാട്ടത്തില്‍ അത്ലെറ്റികൊ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമാവുകയായിരുന്നു.

സ്പാനിഷ് ഫുട്‌ബോളിന്റെ അഞ്ചാം ഡിവിഷന്‍ ടീമായ എസ്‌കാലയ്ക്ക് വേണ്ടിയാണ് ജോസു അവസാനമായി കളിച്ചത്. ടീമിനൊപ്പമുള്ള താരത്തിന്റെ കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് സൂപ്പര്‍ ലീഗില്‍ കളിക്കുക. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

 

Content Highlight: Report Says Former Kerala Blasters Player Josue Currais Prieto Is Playing to Super League Kerala