| Thursday, 18th July 2024, 11:18 am

ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റി വിടുന്നു? ലക്ഷ്യം വമ്പൻ ക്ലബ്ബ്; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട്. എതിര്‍ ടീമിന്റെ പ്രതിരോധ കോട്ടകളെ നിഷ്പ്രയാസം മറികടന്നുകൊണ്ട് ഗോളടിക്കാനുള്ള കഴിവാണ് ഹാലണ്ടിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ഇപ്പോഴിതാ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് പോവാന്‍ താരം ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫിച്ചാജസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹാലണ്ട് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.

നേരത്തെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തുന്നതിനു മുന്നോടിയായി റയല്‍ മാഡ്രിഡ് താരത്തെ ലക്ഷ്യം വെച്ചിരുന്നു. 2022ല്‍ ആയിരുന്നു ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും ഹാലണ്ട് ഇത്തിഹാദില്‍ എത്തുന്നത്.

ഈ ട്രാൻസ്ഫർ നടക്കുന്നതിന് മുന്നോടിയായി തന്നെ ലോസ് ബ്ലാങ്കോസ് നോര്‍വീജിയന്‍ താരത്തെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ റയലിനെ മറികടന്നുകൊണ്ട് സിറ്റി ഹാലണ്ടിനെ സ്വന്തമാക്കുകയായിരുന്നു.

തന്റെ ആദ്യ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ഹാലണ്ടിന് സാധിച്ചിരുന്നു. സിറ്റിക്കായി 2022-23 സീസണില്‍ 37 ഗോളുകളും എട്ട് അസിസ്റ്റുകളുമായിരുന്നു താരം നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ഗോള്‍ സ്‌കോറിങ് ആണിത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ചു കിരീടനേട്ടത്തില്‍ പങ്കാളിയാവാനും ഹാലണ്ടിന് സാധിച്ചിരുന്നു.

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ഹാലണ്ട് റയലിലേക്ക് ചേക്കേറുകയാണെങ്കില്‍ ഫുട്‌ബോള്‍ ലോകത്തിലെ ഒരുപിടി മികച്ച താരങ്ങള്‍ അണിനിരക്കുന്ന കരുത്തുറ്റ ടീമായി മാറാന്‍ സ്പാനിഷ് വമ്പന്മാര്‍ക്ക് സാധിക്കും.

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ഈ സീസണിൽ റയൽ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ ട്രാന്‍സ്ഫര്‍ നടന്നു കഴിഞ്ഞാല്‍ എംബാപ്പെ-ഹാലണ്ട് കൂട്ടുകെട്ടിനും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കും.

Content Highlight: Report Says Erling Haland Will Join Real Madrid

We use cookies to give you the best possible experience. Learn more