എംബാപ്പെ വന്നതോടെ ടീമിൽ അവസരമില്ല, റയൽ വിടാനൊരുങ്ങി ബ്രസീലിയൻ സൂപ്പർതാരം; റിപ്പോർട്ട്
Football
എംബാപ്പെ വന്നതോടെ ടീമിൽ അവസരമില്ല, റയൽ വിടാനൊരുങ്ങി ബ്രസീലിയൻ സൂപ്പർതാരം; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 8:31 am

ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്‍ഡ്രിക് റയല്‍ മാഡ്രിഡ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഈ സീസണില്‍ റയലില്‍ എത്തിയതിന് പിന്നാലെ ബ്രസീലിയന്‍ വണ്ടര്‍കിഡിന് റയലിന്റെ ഫസ്റ്റ് ഇലവനില്‍ സ്ഥാനം കുറവായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തിലാണ് എന്‍ഡ്രിക് മറ്റൊരു ക്ലബ്ബിലേക്ക് പോകാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്.

എം.എസിന്റെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഡ്രിക് റയലില്‍ ദീര്‍ഘകാലം കളിക്കാന്‍ താത്പര്യപ്പെടുന്നുവെന്നും എന്നാല്‍ തുടക്കത്തില്‍ തന്നെ ടീമിന്റെ ഫസ്റ്റ് ഇലവനില്‍ അവസരം ലഭിക്കില്ലെന്ന് താരത്തിന് നേരത്തെ അറിയാമായിരുന്നുവെന്നുമാണ് പറയുന്നത്.

ഇതോടെ അധികമായി കൂടുതല്‍ പ്ലെയിങ് ടൈം ലഭിക്കുന്ന മറ്റൊരു ക്ലബ്ബിലേക്ക് താരത്തിന് പോവാന്‍ സാധിക്കും. റയല്‍ മാഡ്രിഡില്‍ സ്ഥിരമായി അവസരം ലഭിക്കാതിരിക്കുകയാണെങ്കിൽ 2025ന്റെ തുടക്കത്തില്‍ എൻഡ്രിക് ലോണില്‍ മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറാന്‍ സാധ്യതയുണ്ട്.

2022ല്‍ ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മിറാസില്‍ നിന്നുമാണ് ബ്രസീലിയന്‍ വണ്ടര്‍കിഡിനെ റയല്‍ സ്വന്തമാക്കിയത്. 60 മില്യണ്‍ യൂറോക്കായിരുന്നു എന്‍ഡ്രിക് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിയത്. താരത്തെ റയല്‍ നേരത്തെ സ്വന്തമാക്കിയെങ്കിലും 18 വയസ് തികഞ്ഞതിനുശേഷമാണ് എന്‍ഡ്രിക് ഔദ്യോഗികമായി റയലിന്റ താരമായി മാറിയത്.

പുതിയ സീസണില്‍ റയലിനായി കളത്തിലിറങ്ങാന്‍ എന്‍ഡ്രിക്കിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ പ്രീ സീസണ്‍ മത്സരങ്ങളില്‍ എ.സി മിലാന്‍, ബാഴ്‌സലോണ എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരത്തില്‍ താരം റയലിനായി കളിച്ചിരുന്നു. എന്നാല്‍ ഈ വമ്പന്‍ ടീമുകള്‍ക്കെതിരെ ഗോള്‍ നേടാന്‍ എന്‍ഡ്രിക്കിന് സാധിച്ചില്ല.

അതേസമയം യുവേഫ സൂപ്പര്‍ കപ്പ് നേടിയാണ് റയല്‍ തങ്ങളുടെ പുതിയ സീസണിന് തുടക്കം കുറിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്‍ഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു റയല്‍ കിരീടം സ്വന്തമാക്കിയത്.

എന്നാല്‍ റയലിന്റെ ലാ ലിഗയിലെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തില്‍ മല്ലോര്‍ക്കതിരെ സമനിലയില്‍ കുടുങ്ങുകയായിരുന്നു ആന്‍സലോട്ടിയും കൂട്ടരും. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ ഓഗസ്റ്റ് 25നാണ് റയലിന്റെ അടുത്ത മത്സരം. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ വല്ലാഡോലിഡിനെയാണ് റയല്‍ നേരിടുക.

 

Content Highlight: Report Says Endrick Will Leave Real Madrid