കമ്പനി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞാല്‍ കേസെടുക്കും; ട്വിറ്റര്‍ സ്റ്റാഫിനെതിരെ മസ്‌കിന്റെ പുതിയ ഭീഷണി; റിപ്പോര്‍ട്ട്
World News
കമ്പനി കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞാല്‍ കേസെടുക്കും; ട്വിറ്റര്‍ സ്റ്റാഫിനെതിരെ മസ്‌കിന്റെ പുതിയ ഭീഷണി; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th December 2022, 5:38 pm

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിലെ ജീവനക്കാര്‍ക്കെതിരെ പുതിയ ‘ഭീഷണിയുമായി’ കമ്പനിയുടെ മേധാവിയും ശതകോടീശ്വരനായ ബിസിനസുകാരനുമായ ഇലോണ്‍ മസ്‌ക്.

കമ്പനിയുടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്ന ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്നാണ് മസ്‌കിന്റെ പുതിയ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട്.

ഈ മുന്നറിയിപ്പ് അംഗീകരിക്കുന്ന ഒരു രേഖയില്‍ ഒപ്പിടാന്‍ ട്വിറ്റര്‍ ജീവനക്കാരോട് മസ്‌ക് ഉത്തരവിട്ടതായും പ്ലാറ്റ്ഫോര്‍മര്‍ മാനേജിങ് എഡിറ്റര്‍ സോ ഷിഫറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

”രഹസ്യാത്മകമായ ട്വിറ്റര്‍ ഇന്‍ഫര്‍മേഷനുകളുടെ ചോര്‍ച്ചകള്‍ തെളിയിക്കുന്നത് പോലെ, നമ്മുടെ കമ്പനിയിലെ കുറച്ചാളുകള്‍ കമ്പനിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായും അവരുടെ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റ് (വെളിപ്പെടുത്താത്ത കരാര്‍) ലംഘിച്ചും പ്രവര്‍ത്തിക്കുന്നത് തുടരുന്നു.

നിങ്ങള്‍ കമ്പനിയില്‍ ചേരുമ്പോള്‍ ഒപ്പിട്ട എന്‍.ഡി.എ ബോധപൂര്‍വം ലംഘിക്കുകയാണെങ്കില്‍, നിയമത്തിന്റെ പരിധിയില്‍ നിങ്ങള്‍ അതിന്റെ മുഴുവന്‍ ബാധ്യതയും സ്വീകരിക്കേണ്ടി വരും. ട്വിറ്റര്‍ ഉടന്‍ തന്നെ ഇതിന് നഷ്ടപരിഹാരം തേടുകയും ചെയ്യും, ഇത് ഒരിക്കല്‍ മാത്രമേ പറയൂ,” ട്വിറ്ററിലെ ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ മസ്‌ക് പറയുന്നതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ട്വിറ്റര്‍ മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗമായി മസ്‌ക് മാറി.

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങി, അതിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

നിലവില്‍ ട്വിറ്ററിന്റെ പൂര്‍ണനിയന്ത്രണം മസ്‌കിന്റെ കൈകളിലാണ്.

‘ചെലവുചുരുക്കല്‍’ നയത്തിന്റെ ഭാഗമായി Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ പകുതിയിലധികം തൊഴിലാളികളെയും (3700ഓളം) ഒഴിവാക്കാനാണ് മസ്‌കിന്റെ തീരുമാനം. ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്.

അതിനിടെ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് എടുത്തുകളയുമെന്നും ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കുമെന്നും മസ്‌ക് സൂചന നല്‍കിയിരുന്നു.

വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു2021 ജനുവരി ആറിന് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ഭൂരിഭാഗം പേരും വോട്ട് ചെയ്തുവെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. മസ്‌ക് തന്നെയായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

Content Highlight: Report says Elon Musk to sue Twitter staff if they leak company info to media