കാലിഫോര്‍ണിയ: ട്വിറ്ററിന്റെ പുതിയ മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മസ്‌ക് നടത്തുന്ന ‘പരിഷ്‌കരണങ്ങള്‍’ തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ്. ബ്ലൂ ടിക് അക്കൗണ്ടുകള്‍ക്ക് മാസം തോറും എട്ട് ഡോളര്‍ എന്ന പേയ്‌മെന്റ് സംവിധാനമുള്‍പ്പെടെ മസ്‌കിന്റെ നീക്കങ്ങളെല്ലാം വിവാദമാകുന്നുണ്ട്.
ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി ട്വിറ്ററിലെ പകുതിയിലധികം തൊഴിലാളികളെയും ഒഴിവാക്കാന്‍ മസ്‌ക് നീക്കം നടത്തുന്നതായാണ് പറയുന്നത്.
Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ 3700 പോസ്റ്റുകള്‍ ഇല്ലാതാക്കാന്‍ എലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ചക്കുള്ളില്‍ വിവരം നല്‍കും.
കമ്പനിയുടെ നിലവിലുള്ള, ‘എവിടെയിരുന്നും ജോലി ചെയ്യാവുന്ന നയ’ത്തില്‍ (work from anywhere policy) മാറ്റം വരുത്താന്‍ മസ്‌ക് ഉദ്ദേശിക്കുന്നുണ്ടെന്നും ജീവനക്കാരോട് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും ചില സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് പല പോളിസി മാറ്റങ്ങളും മസ്‌ക് ട്വിറ്ററില്‍ നടപ്പിലാക്കുമെന്നും സൂചനകളുണ്ട്.
അതിനിടെ ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെയും മസ്‌ക് പിരിച്ചുവിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗമായി, ഒരേയൊരു ഡയറക്ടറായി മസ്‌ക് മാറി.
യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ തലപ്പത്തിരുന്നവരെ പുറത്താക്കി കൊണ്ടായിരുന്നു ഇലോണ്‍ മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് തുടങ്ങിയത്.
ട്വിറ്റര്‍ സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയായിരുന്നു മസ്‌ക് പുറത്താക്കിയത്. ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ കൂടി സ്ഥാനത്ത് നിന്നും മസ്‌ക് നീക്കിയതായി വാഷിങ്ടണ്‍ പോസ്റ്റും സി.എന്‍.ബി.സിയുമടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്പേസ്ഫ്ളൈറ്റ് കമ്പനിയായ സ്പേസ് എക്സിന്റെയും (SpaceX) ന്യൂറോടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്കിന്റെയും (Neuralink) മേധാവിയായ, ലോകത്തെ അതിസമ്പന്നനായ മസ്‌കിന്റെ കീഴില്‍ ട്വിറ്റര്‍ വരുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് ആശങ്കയും വിമര്‍ശനവും ഉയരുന്നുണ്ട്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.