| Monday, 2nd May 2022, 5:48 pm

ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനത്ത് നിന്നും ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാളിനെ മാറ്റാന്‍ മസ്‌ക്? പുതിയ സി.ഇ.ഒയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്കോ: വന്‍തുകക്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ സമൂഹമാധ്യമ ഭീമന്റെ തലപ്പത്ത് അഴിച്ചുപണിക്കൊരുങ്ങി ഇലോണ്‍ മസ്‌ക്. സി.ഇ.ഒ സ്ഥാനത്ത് നിന്നും ഇന്ത്യന്‍ വംശജന്‍ കൂടിയായ പരാഗ് അഗര്‍വാളിനെ മാറ്റി പകരം പുതിയയാളെ നിയമിക്കാനാണ് മസ്‌ക് നീക്കമിടുന്നതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളെല്ലാം പൂര്‍ത്തിയായതിന് ശേഷമായിരിക്കും സി.ഇ.ഒയെ മാറ്റുന്നതിലേക്ക് മസ്‌ക് നീങ്ങുകയെന്നാണ് വിവരം.

വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പരാഗിന് പകരം ആരായിരിക്കും ചുമതലയേല്‍ക്കുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ട്വിറ്ററിന്റെ മാനേജ്‌മെന്റില്‍ തനിക്ക് ആത്മവിശ്വാസമില്ലെന്ന് നേരത്തെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലറോട് മസ്‌ക് പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

2021 നവംബറിലായിരുന്നു പരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ സി.ഇ.ഒ ആയി ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജന്‍ കൂടിയായിരുന്നു പരാഗ്.

സി.ഇ.ഒ ആയി ചുമതലയേറ്റ് 12 മാസത്തിനുള്ളില്‍ സ്ഥാനത്ത് നിന്നും ഇറങ്ങേണ്ടി വരികയാണെങ്കില്‍ അഗര്‍വാളിന് 42 മില്യണ്‍ ഡോളര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

”ട്വിറ്ററിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമിനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.

ഇതുവരെയുണ്ടായ പ്രധാന്യമായ കാര്യങ്ങളെക്കാള്‍ ഇപ്പോഴുണ്ടായത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ട്,” എന്നായിരുന്നു നേരത്തെ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ പരാഗ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തത്.

4400 കോടി ഡോളറിനായിരുന്നു (44,000 മില്യണ്‍/ 44 ബില്യണ്‍) ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ ശതകോടീശ്വരനും ടെസ്ല കമ്പനി സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ഒപ്പുവെച്ചത്.

മസ്‌കിന്റെ ഉടമസ്ഥതയിലാകുന്നതോടെ പൊതുസംരംഭം എന്ന നിലയില്‍ നിന്ന് ട്വിറ്റര്‍ സ്വകാര്യ കമ്പനിയായി മാറും. നേരത്തെ ട്വിറ്ററില്‍ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു കമ്പനി വാങ്ങാനുള്ള മസ്‌കിന്റെ നീക്കം.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.

‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍.

പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മസ്‌ക് ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ വാങ്ങുന്നതിനായി മസ്‌ക് നേരത്തെ 46.5 ബില്യണ്‍ ഡോളറോളം നല്‍കിയിരുന്നു.

Content Highlight: Report says Elon Musk is going to replace Parag Agrawal with new Twitter CEO

We use cookies to give you the best possible experience. Learn more