അദ്ദേഹത്തെ അൽ നസറിന്റെ പരിശീലകനാക്കൂ; ഇതിഹാസത്തെ സൗദിയിലെത്തിക്കാൻ ആവശ്യപ്പെട്ട് റൊണാൾഡോ
Football
അദ്ദേഹത്തെ അൽ നസറിന്റെ പരിശീലകനാക്കൂ; ഇതിഹാസത്തെ സൗദിയിലെത്തിക്കാൻ ആവശ്യപ്പെട്ട് റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 11:29 am

ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാനെ സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ പുതിയ പരിശീലകനായി നിയമിക്കണമെന്ന ആവശ്യവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എഡാര്‍ഡോ ഇന്‍ഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഒരു ക്ലബ്ബിനെയും സിദാന്‍ പരിശീലിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഇതിഹാസം ലൂയിസ് കാസ്‌ട്രൊക്ക് പകരക്കാരനായി സൗദി വമ്പന്മാര്‍ക്കൊപ്പം ചേരുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

റൊണാള്‍ഡോയും സിദാനും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഇതിഹാസം സൗദിയിലെത്തുകയാണെങ്കില്‍ റൊണാള്‍ഡോയുമായുള്ള കൂട്ടുകെട്ട് വീണ്ടും കാണാന്‍ ആരാധകര്‍ക്ക് സാധിക്കും.

പരിശീലകനെന്ന നിലയില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാന്‍ സിദാന് സാധിച്ചിട്ടുണ്ട്. സിദാന്റെ കീഴില്‍ രണ്ട് വീതം ലാ ലിഗ, ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് റയല്‍ നേടിയത്.

സ്പാനിഷ് വമ്പന്‍മാരെ തുടര്‍ച്ചയായ മൂന്ന് തവണയും ചാമ്പ്യന്‍ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നു. 2016, 2017, 2018 എന്നീ സീസണുകളിലായിരുന്നു ഫ്രഞ്ച് ഇതിഹാസത്തിന്റെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ എത്തിച്ചത്.

സിദാന്റെ കീഴില്‍ 114 മത്സരങ്ങളിലാണ് റൊണാള്‍ഡോ റയലിനായി ബൂട്ട് കെട്ടിയിട്ടുള്ളത്. ഇതില്‍ 112 ഗോളുകളും 30 അസിസ്റ്റുകളുമാണ് പോര്‍ച്ചുഗീസ് ഇതിഹാസം നേടിയത്.

റൊണാള്‍ഡോ 2017 ലാണ് ലോസ് പ്ലാങ്കോസിനൊപ്പം ഉള്ള തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിലേക്ക് ചേക്കേറിയത്. അവിടെനിന്നും 2021ല്‍ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും താരം കൂടുമാറി.

2023ലാണ് റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡില്‍ നിന്നും അല്‍ നാസറിലേക്ക് പറന്നത്. സൗദി വമ്പന്മാര്‍ക്കായി പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമായിരുന്നു റൊണാള്‍ഡോ നടത്തിയത്.

അതേസമയം ഈ സീസണിന്റെ തുടക്കത്തില്‍ സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനോട് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു നിലവിലെ സൗദി ചാമ്പ്യന്മാര്‍ അല്‍ നസറിനെ വീഴ്ത്തിയത്.

സൗദി പ്രോ ലീഗിന്റെ പുതിയ സീസണിന്റെ ആദ്യ മത്സരത്തില്‍ അല്‍ റെയ്ദിനെതിരെ അല്‍ നസര്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് റൊണാള്‍ഡോയും സംഘവും സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സൗദി വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്. സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസര്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അല്‍ അഹ്‌ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്ട്രോയും കൂട്ടരും കളിക്കുക. അല്‍ അഹ്‌ലിയുടെ തട്ടകമായ അല്‍ അവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Report Says Cristaino Ronaldo Want Zinedine Zidane As New Coach Of Al Nassr