പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2021ലാണ് ഇറ്റാലിയന്‍ വമ്പര്‍മാരായ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയത്. തന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവില്‍ ഒരു വര്‍ഷം മാത്രമേ റൊണാള്‍ഡോയ്ക്ക് ഓള്‍ഡ് ട്രാഫോഡില്‍ പന്തുതട്ടാന്‍ സാധിച്ചത്.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 2023ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് കൂടുമാറിയത്. ഇപ്പോഴിതാ ആ സമയത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കാന്‍ റൊണാള്‍ഡോ സ്വയം തയ്യാറായിരുന്നുവെന്നും എന്നാല്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള ഈ സൈനിങ് നടത്താന്‍ താത്പര്യം കാണിച്ചില്ലെന്നുമാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയിലുള്ള സമയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു പുസ്തകത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
സൗദിയിലേക്ക് പറന്നതിന് പിന്നാലെ സൗദി ലീഗിന് ഫുട്‌ബോള്‍ ലോകത്ത് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ ഒരുപിടി പ്രധാന താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയിരുന്നു.
നെയ്മര്‍, സാദിയോ മാനെ, കരിം ബെന്‍സെമ തുടങ്ങിയ മികച്ച താരങ്ങളാണ് സൗദി ലീഗിലേക്ക് പോയത്. സൗദി വമ്പന്‍മാരുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ 2025 അവസാനം വരെയാണ് ഉള്ളത്. ഇതിനുശേഷം പോര്‍ച്ചുഗീസ് ഇതിഹാസവുമായി അല്‍ നസര്‍ വീണ്ടും കരാറില്‍ ഏര്‍പ്പെടുമോ എന്ന് കണ്ടു തന്നെ അറിയണം.
അതേസമയം അടുത്തിടെ അവസാനിച്ച സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നിലവിലെ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലിനോട് പരാജയപ്പെട്ട് റൊണാള്‍ഡോക്കും സംഘത്തിനും കിരീടം നഷ്ടമായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാലിന്റെ വിജയം.
മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളിലൂടെ ആദ്യം ലീഡ് നേടിയ അല്‍ നസറിന് മത്സരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ പിഴക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് അല്‍ ഹിലാല്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.
ഇനി അല്‍ നസറിന്റെ മുന്നിലുള്ളത് സൗദി പ്രോ ലീഗാണ്. പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും അല്‍ നസര്‍ ലക്ഷ്യമിടുക. ഓഗസ്റ്റ് 22ന് അല്‍ റെയ്ദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Report Says Cristaino Ronaldo Are Want Join Manchester City