| Friday, 8th April 2022, 8:11 am

കെ.വി. തോമസിന്റെ തീരുമാനത്തില്‍ യെച്ചൂരിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അതൃപ്തിയറിയിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി. തോമസിന്റെ തീരുമാനത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തിയറിയിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിക്കെതിരെ മതേതരശക്തികളുടെ ഐക്യത്തിനും യോജിപ്പിനും വേണ്ടി സി.പി.ഐ.എം ദേശീയതലത്തില്‍ ശ്രമം നടത്തുന്ന സമയത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് പറഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ യെച്ചൂരിയെ ഫോണില്‍ ബന്ധപ്പെട്ടത്.

സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇത്തരമൊരു നീക്കത്തെ പിന്തുണക്കരുതെന്ന് യെച്ചൂരിയോട് ഇരുനേതാക്കളും ആവശ്യപ്പെട്ടു. കെ.വി. തോമസിനെ സി.പി.ഐ.എമ്മിലേക്ക് കൊണ്ടുപോകാന്‍ വേണ്ടിയാണ് സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടി വിളിച്ചത്. എന്നാല്‍ ആ ക്ഷണം കെ.വി. തോമസ് സ്വീകരിക്കരുതായിരുന്നു.

കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ സ്ഥാനവും അധികാരവും ലഭിച്ചശേഷം തോമസ് ഇത്തരത്തില്‍ ഒരു നീക്കം നടത്താന്‍ പാടില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ യെച്ചൂരിയോട് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.പി.ഐ.എം നടത്തുന്ന സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് കെ.വി. തോമസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് സി.പി.ഐ.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ യെച്ചൂരിയുമായി സംസാരിച്ചു. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്, അതുകൊണ്ടാണ് പങ്കെടുക്കാന്‍ അനുമതി തേടിയത്. സമീപകാല തെരഞ്ഞെടുപ്പുകളൊന്നും കോണ്‍ഗ്രസിന് അനുകൂലമല്ല. രാഹുല്‍ ഗാന്ധിയടക്കം സി.പി.ഐ.എം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുക്കുന്നതുകൊണ്ട് എന്താണിത്ര വിരോധം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ, കോണ്‍ഗ്രസില്‍ അച്ചടക്കത്തോടെ നിന്നയാളാണ് ഞാന്‍. നൂലില്‍ കെട്ടി വന്നയാളൊന്നുമല്ലെന്നും കെ.വി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights: report says Congress national leadership displeased Yechury with  KV Thomas’ decision

We use cookies to give you the best possible experience. Learn more