ബീജിങ്: അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറുമായി (Pfizer Inc.) ചൈന കരാറിലേര്‍പ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ചൈനയില്‍ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫൈസറിന്റെ പാക്‌സ്‌ലൊവിഡ് (Paxlovid) വാക്‌സിന്റെ പ്രാദേശിയ ജനറിക് വേര്‍ഷന്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സിന് വേണ്ടിയാണ് ചൈനയും ഫൈസര്‍ കമ്പനിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ലൈസന്‍സ് കിട്ടുന്നതോടെ ചൈനയിലെ ആഭ്യന്തര മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് പാക്‌സ്‌ലൊവിഡ് വാക്‌സിന്റെ ജനറിക് വേര്‍ഷന്‍ ചൈനയില്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും സാധിക്കും.
ചൈനയുടെ മെഡിക്കല്‍ പ്രോഡക്ട്‌സ് റെഗുലേറ്ററായ നാഷണല്‍ മെഡിക്കല്‍ പ്രോഡക്ട്‌സ് അഡ്മിനിസ്‌ട്രേഷന്റെ (National Medical Products Administration- NMPA) നേതൃത്വത്തിലാണ് ഫൈസറുമായി ചര്‍ച്ചകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസമായിരുന്നു ചര്‍ച്ചകള്‍ ആരംഭിച്ചത്.
ജനുവരി 22ന് ആരംഭിക്കുന്ന പുതിയ ലൂണാര്‍ വര്‍ഷത്തിന് മുമ്പേ തന്നെ കരാറിന്റെ നിബന്ധനകളിന്മേല്‍ അന്തിമ തീരുമാനത്തിലെത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കഴിഞ്ഞ മാസം ‘സീറോ കൊവിഡ് പോളിസി’ ഉപേക്ഷിച്ചത് മുതല്‍ ചൈനയിലെ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ നിറഞ്ഞത് കാരണം വലിയ പ്രതിസന്ധി നേരിടുകയാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ചൈന പാക്‌സ്‌ലൊവിഡ് വാക്‌സിന് അംഗീകാരം നല്‍കിയിരുന്നത്.
Content Highlight: Report says China is in talks with Pfizer for generic COVID drug