അഫ്ഗാനില്‍ മാനസിക രോഗികളുടെ എണ്ണം കൂടുന്നു, 80 ശതമാനവും സ്ത്രീകള്‍; ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ | D World
ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍വകലാശാലകളില്‍ നിന്നും എന്‍.ജി.ഒകളില്‍ നിന്നുമൊക്കെ സ്ത്രീകളെ പുറത്താക്കിയ താലിബാന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ഒച്ചപ്പാടുണ്ടാക്കിയത് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഏറ്റവുമൊടുവിലായി അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ജനങ്ങളുടെ മാനസികാരോഗ്യം ക്ഷയിക്കുന്നതായും മാനസിക രോഗികളുടെ എണ്ണം കുത്തനെ കൂടിവരുന്നതായുമാണ് കണക്കുകള്‍ കാണിക്കുന്നത്.

സ്വാഭാവികമായും അവിടത്തെ താലിബാന്‍ ഭരണകൂടത്തിന്റെ കടുത്ത സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധമായ നയങ്ങളും നിലപാടുകളും ഈ മാനസികാരോഗ്യ സൂചികയിലേക്ക് നേരിട്ട് വിരല്‍ചൂണ്ടുന്നതാണ്.

അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. മാനസിക രോഗികളുടെ എണ്ണം വര്‍ധിച്ചതില്‍ 80 ശതമാനവും സ്ത്രീകളാണ് എന്നതാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത.

സ്ഥിരമായി മാനസിക രോഗാശുപത്രിയില്‍ ചികിത്സ തേടുന്ന 100 പേരെ എടുത്താല്‍ അതില്‍ 80 പേരും സ്ത്രീകളാണെന്നാണ് ഹെറാത്ത് പ്രവിശ്യാ ആശുപത്രിയിലെ മാനസികാരോഗ്യ വാര്‍ഡ് വിഭാഗം മേധാവി ഖാദെം മുഹമ്മദിയെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണക്കുകള്‍ പ്രകാരം, ഹെറാത്തിലെ പ്രവിശ്യാ ആശുപത്രിയില്‍ കഴിഞ്ഞ മാസം മാത്രം കുറഞ്ഞത് 400 മാനസിക രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ, കുടുംബ പ്രശ്നങ്ങള്‍, സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നത്, യൂണിവേഴ്സിറ്റികളിലടക്കം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് എന്നിവയാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്നാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയും മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നതായും രോഗികളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ സ്ഥിതി ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ മാനസികരോഗികളുടെ എണ്ണം ഇനിയും കുത്തനെ വര്‍ധിക്കുമെന്നാണ് ഹെറാത്ത് പ്രവിശ്യയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വിദ്യാഭ്യാസം നേടുന്നതിനോ ജോലി ചെയ്യാനോ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം അഫ്ഗാനിലെ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

”സമൂഹത്തില്‍ പകുതിയോളവുമുള്ളത് സ്ത്രീകളാണ്. ജോലിയിലേക്കും വിദ്യാഭ്യാസത്തിലേക്കും തിരിച്ച് പോകുകയാണെങ്കില്‍ അവരുടെ മാനസികാരോഗ്യത്തിന് അത് വളരെ നല്ലതായിരിക്കും,” ഡോ. മുഹമ്മദ് ഷാഫിഖ് ഒമര്‍ പറയുന്നു.

രാജ്യത്ത് താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ ഗുരുതര പ്രശ്നങ്ങളാണ് നേരിടുന്നത്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തീവ്രമായ സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.

പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു, സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചു,

വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവുകളും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കി.

ഏറ്റവുമൊടുവിലായി സര്‍വകലാശാലകളിലും സെക്കന്ററി സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ രാജ്യത്തെ എല്ലാ പ്രാദേശിക- വിദേശ എന്‍.ജി.ഒകളോടും താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 24നായിരുന്നു എന്‍.ജി.ഒകളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയത്. സര്‍വകലാശാല പ്രവേശന വിലക്കിനും എന്‍.ജി.ഒകളിലെ വിലക്കിനുമെതിരെ ഐക്യരാഷ്ട്രസഭയും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങളോ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളോ തങ്ങളുടെ നയങ്ങളും നിലപാടുകളും തിരുത്താന്‍ പോന്നവയായി താലിബാന് ഇതുവരെ തോന്നിയിട്ടില്ല. 1996ല്‍ അഫ്ഗാനില്‍ ആദ്യം ഭരണം പിടിച്ചെടുത്ത സമയത്തേക്കാള്‍ കൂടുതല്‍ ജനാധിപത്യവിരുദ്ധരാവുകയാണവര്‍.

Content Highlight: Report says cases of mental illness on rise in Afghanistan, incidence highest among women