| Saturday, 27th July 2024, 11:51 am

കോഴിക്കോടിനെ കോരിത്തരിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പഴയ സിംഹം എത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍. സെപ്റ്റംബറിൽ നടക്കാന്‍ പോവുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് വീണ്ടും കേരളത്തില്‍ പന്ത് തട്ടാനെത്തുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സിയിയിലല്ല താരം കളിക്കുക. പകരം സൂപ്പര്‍ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ്.സിയാണ് താരത്തെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2016-17 സീസണില്‍ ആയിരുന്നു ബെല്‍ഫോര്‍ട്ട് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടിയത്. കേരളത്തിന്റെ എക്കാലത്തെ മികച്ച പരിശീലകരില്‍ ഒരാളായ സ്റ്റീവ് കോപ്പലിന്റെ കീഴില്‍ 15 മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളാണ് താരം നേടിയിട്ടുള്ളത്.

ആ സീസണിൽ കേരളത്തിന്റെ മധ്യനിരയില്‍ നിറഞ്ഞാടി കൊണ്ട് മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്താന്‍ ബെല്‍ഫോര്‍ട്ടിന് സാധിച്ചിരുന്നു. ആ സീസണില്‍ കേരളം ഫൈനല്‍ വരെ മുന്നേറിയിരുന്നു. എന്നാല്‍ കലാശ പോരാട്ടത്തില്‍ അത്‌ലെറ്റികൊ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടമാവുകയായിരുന്നു.

ഐ.എസ്.എല്ലില്‍ പിന്നീട് ജംഷദ്പൂര്‍ എഫ്.സിക്ക് വേണ്ടിയും ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നു. ബെല്‍ഫോര്‍ട്ട് ഇന്ത്യയില്‍ നിന്നും പോയതിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണമെന്ന് താരം ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ പല സമയങ്ങളിലും താരം സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടും മുന്നോട്ട് വന്നിരുന്നു.

നിലവില്‍ ഇന്തോനേഷ്യന്‍ ക്ലബ്ബായ പെരിസിജപ് ജപരയ്ക്ക് വേണ്ടിയാണ് ബെല്‍ഫോര്‍ട്ട് കളിക്കുന്നത്. ടീമിനൊപ്പമുഉള്ള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് കാലിക്കറ്റ് എഫ്.സി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് സൂപ്പര്‍ ലീഗില്‍ കളിക്കുക. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും പത്ത് മത്സരങ്ങള്‍ വീതമാണ് കളിക്കുക. ഇതില്‍ അഞ്ച് മത്സരങ്ങള്‍ ഹോം ഗ്രൗണ്ടിലും അഞ്ച്മത്സരങ്ങള്‍ പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക.

Content Highlight:Report Says Calicut FC Intrest To Sign Former Kerala Blasters Kervens Belfort

Latest Stories

We use cookies to give you the best possible experience. Learn more