ബ്രിട്ടണ്‍: ജനങ്ങള്‍ ആഹാര ആവശ്യങ്ങള്‍ക്കായി കരിഞ്ചന്തകളെ ആശ്രയിക്കുന്നത് യു.കെയിലെ ജീവിതച്ചെലവില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.
റീട്ടെയില്‍ മോഷണങ്ങള്‍ കാരണം 2023-ല്‍ മാത്രം വ്യപാരത്തില്‍ 1 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറയുന്നത്.
ഹോം ഓഫീസ് ഡാറ്റ പ്രകാരം കടകളിലെ മോഷണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മാത്രമല്ല സമാനമായ മറ്റ് ചില പ്രശ്നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
മാംസം, ചീസ്, മധുരപലഹാരങ്ങള്‍ എന്നിവയാണ് സാധാരണയായി കടകളില്‍ നിന്നും മോഷ്ടിക്കപ്പെടുന്നത്. വീണ്ടും വില്‍ക്കാന്‍ കഴിയും എന്നതുകൊണ്ടാണ് ഇത്തരം സാധനങ്ങള്‍ തുടര്‍ച്ചയായി മോഷ്ടിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടകളില്‍ നിന്നും ട്രക്കുകളില്‍ നിന്നും വരെ സാധനങ്ങള്‍ വന്‍തോതില്‍ മോഷ്ടിക്കപ്പെട്ടുന്നുണ്ട്. കുതിച്ചുയരുന്ന വിലവര്‍ധനവ് ഇതിന് ഒരു പ്രധാന കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളാണ് ജനങ്ങളെ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് മറ്റു വഴികളില്‍ എത്തിച്ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് ഇന്‍ഡിപെന്‍ഡന്റ് റീട്ടെയിലേഴ്സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രൂ ഗുഡേക്കര്‍ പറഞ്ഞു.
അതേസമയം, പോഷകാഹാരങ്ങള്‍ കൃത്യമായി കിട്ടാതെ വരുമ്പോള്‍ ആളുകള്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ ഭക്ഷണം തേടുന്നതില്‍ വലിയ അതിശയമില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റ് എം.പി വെന്‍ഡി ചേംബര്‍ലെയ്ന്‍ പറഞ്ഞു.
യു.കെ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം പല വിതരണക്കാരും വിലകളില്‍ അവരുടെതായ വര്‍ധനവ് വരുത്തുകയും ഇതുവഴി ലാഭം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി, കുട്ടികളുടെ ഉല്‍പന്നങ്ങള്‍, മയോണൈസ്, പെറ്റ് ഫുഡ് തുടങ്ങിയവ വില്‍ക്കുന്ന ബ്രാന്‍ഡഡ് വിതരണക്കാരില്‍ കൂടുതല്‍ കമ്പനികളും അവരുടെ ലാഭം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമായതായും പഠനറിപ്പോര്‍ട്ടുകളുണ്ട്.