ലണ്ടന്‍: ആളുകള്‍ക്ക് തങ്ങളുടെ ജെന്‍ഡറില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ സ്‌കോട്ടിഷ് നിയമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് എതിര്‍ക്കുന്നതായി റിപ്പോര്‍ട്ട്. നിയമം പാസാകുന്നത് തടയാന്‍ സുനക് നീക്കം നടത്തുന്നതായാണ് ടൈംസ് ദിനപത്രം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
സ്‌കോട്ട്‌ലന്‍ഡിന്റെ പ്രഥമ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ (Nicola Sturgeon) മുന്നോട്ടുവെച്ച ‘ജെന്‍ഡര്‍ അംഗീകാര നിയമങ്ങള്‍’ (gender recognition laws) അടുത്തയാഴ്ച രാജകീയ അനുമതി നേടുന്നത് തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കുന്നതാണ് റിഷി സുനകിന് ലഭിച്ച പുതിയ നിയമോപദേശം. എന്നാല്‍ സുനകിന് ലഭിച്ച നിയമോപദേശം എന്താണെന്ന് പത്ര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
1998 സ്‌കോട്‌ലാന്‍ഡ് ആക്ടിലെ സെക്ഷന്‍ 35 നടപ്പിലാക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്തയാഴ്ച സ്‌കോട്ട്ലന്‍ഡ് സെക്രട്ടറി അലിസ്റ്റര്‍ ജാക്കുമായി (Alister Jack) ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ മാസമായിരുന്നു സ്‌കോട്‌ലന്‍ഡ് പാര്‍ലമെന്റ് ലിംഗ പരിഷ്‌കരണ ബില്‍ പാസാക്കിയത്.
ഇതോടെ ലിംഗഭേദം മാറ്റുന്നതിനുള്ള സ്വയം തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് അംഗീകാരം നല്‍കുന്ന യു.കെയിലെ ആദ്യ മേഖലയായി സ്‌കോട്‌ലന്‍ഡ് മാറിയിരുന്നു. ലിംഗപരമായ ഡിസ്‌ഫോറിയയുടെ മെഡിക്കല്‍ ഡയഗനോസിസിന്റെ ആവശ്യകത ഇല്ലാതാക്കുകയും കുറഞ്ഞ പ്രായം 18ല്‍ നിന്ന് 16 ആക്കി കുറക്കുകയും ചെയ്യുന്നതാണ് നിയമം.
മറ്റ് രാജ്യങ്ങളിലുള്ള സമാനമായ നിയമങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറക്കുന്നതിന് സഹായകരമായിട്ടുണ്ട് എന്നും സ്‌കോട്‌ലന്‍ഡ് വിഷയത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് മേല്‍ ബില്‍ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് റിഷി സുനക് കഴിഞ്ഞ മാസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബില്‍ പരിശോധിക്കുമെന്നും ആവശ്യമായി വന്നാല്‍ തടയുന്നത് നോക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
Content Highlight: Report says British PM Rishi Sunak preparing to block Scottish gender reform bill