| Monday, 9th January 2023, 12:09 pm

2024ലെ തെരഞ്ഞെടുപ്പില്‍ റിഷി സുനകും മന്ത്രിമാരും പരാജയപ്പെട്ടേക്കും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: 2024ല്‍ ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റിഷി സുനകിനും മറ്റ് 15 കാബിനറ്റ് മന്ത്രിമാര്‍ക്കും സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

ഒരു പുതിയ പോളിങ് ഡാറ്റയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പോളിങ് ഡാറ്റ അനുസരിച്ച്, 2024ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റിഷി സുനക്, ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് (Dominic Raab), ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ (Steve Barclay) എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ടോറി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) നേതാക്കള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്.

ഇവര്‍ക്ക് പുറമെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവേര്‍ലി (James Cleverly), പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് (Ben Wallace), ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് (Grant Shapps), കോമണ്‍സ് നേതാവ് പെന്നി മോര്‍ഡൗണ്ട് (Penny Mordaunt), എന്‍വയോണ്‍മെന്റ് സെക്രട്ടറി തെരേസ് കോഫി (Therese Coffey) എന്നിവര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെടുമെന്ന് ഫോക്കല്‍ ഡാറ്റയുടെ (Focaldata) ബെസ്റ്റ് ഓഫ് ബ്രിട്ടന്‍ വോട്ടെടുപ്പില്‍ പറയുന്നു.

പോളിങ് പ്രകാരം ജെറമി ഹണ്ട് (Jeremy Hunt), ഇന്ത്യന്‍ വംശജയായ സുവല്ല ബ്രാവര്‍മാന്‍ (Suella Braverman), മൈക്കല്‍ ഗോവ് (Michael Gove), നാദിം സവാവി (Nadhim Zawawi), കെമി ബാഡെനോക്ക് (Kemi Badenoch) എന്നീ അഞ്ച് കാബിനറ്റ് മന്ത്രിമാര്‍ക്ക് മാത്രമായിരിക്കും 2024 തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുക.

പാര്‍ട്ടി ഗേറ്റ് വിവാദവും റിഷി സുനക് അടക്കമുള്ള മന്ത്രിമാര്‍ രാജി വെക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ സാമ്പത്തിക നയങ്ങളില്‍ വലിയ വിമര്‍ശനമുയരുകയും തുടര്‍ച്ചയായി മന്ത്രിമാര്‍ രാജി വെക്കുകയും ചെയ്തതോടെ അധികാരമേറ്റ് 45 ദിവസത്തിനുള്ളില്‍ ലിസ് ട്രസും രാജി വെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു സുനക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 200 വര്‍ഷത്തിനിടെ രാജ്യത്ത് അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് റിഷി സുനക്.

Content Highlight: Report says British PM Rishi Sunak and 15 other ministers may lose seats in 2024 general poll

We use cookies to give you the best possible experience. Learn more