ഇന്ത്യന്‍ എയര്‍ സ്‌പേസില്‍ ചൈനയിലേക്കുള്ള ഇറാന്‍ വിമാനത്തിന് ബോംബ് ഭീഷണി; റിപ്പോര്‍ട്ട്
World News
ഇന്ത്യന്‍ എയര്‍ സ്‌പേസില്‍ ചൈനയിലേക്കുള്ള ഇറാന്‍ വിമാനത്തിന് ബോംബ് ഭീഷണി; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2022, 12:12 pm

ന്യൂദല്‍ഹി: ഇറാന്‍ വിമാനത്തില്‍ ബോംബ് ഭീഷണി. ചൈനയിലേക്കുള്ള ഇറാനിയന്‍ യാത്രാ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ എയര്‍ സ്‌പേസില്‍ വെച്ചാണ് ഇറാന്റെ പാസഞ്ചര്‍ ജെറ്റിന് നേരെ ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്. എ.എന്‍.ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

മഹാന്‍ എയര്‍ എന്ന ഇറാനിയന്‍ കമ്പനിയുടേതാണ് വിമാനം. ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള മുന്നറിയിപ്പ് വിമാനത്തിന്റെ അധികൃതരെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തില്‍ ബോംബുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ദല്‍ഹിയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് സൂചനകള്‍ ലഭിച്ചിരുന്നു, ഇതേത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

പിന്നാലെ ഫ്‌ളൈറ്റ് അധികൃതര്‍ ദല്‍ഹിയില്‍ ലാന്‍ഡിങ്ങിന് അനുമതി തേടിയെങ്കിലും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) നിഷേധിച്ചു. അതേസമയം രാജസ്ഥാനിലെ ജയ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം പൈലറ്റ് നിരാകരിച്ചതായാണ് റിപ്പോര്‍ട്ട്.

ക്ലിയറന്‍സിന് ശേഷം പാസഞ്ചര്‍ വിമാനം ഇപ്പോള്‍ ചൈനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സുരക്ഷാ ഏജന്‍സികള്‍ വിമാനത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോംബ് ഭീഷണി സംബന്ധിച്ച വിശദാംശങ്ങളോ വിമാനം ഏതായിരുന്നുവെന്ന വിവരമോ ലഭ്യമായിട്ടില്ല.

Content Highlight: Report says bomb threat on China- bound Iranian plane over Indian airspace