ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബിസിനസുകാരനും ശതകോടീശ്വരനും ബ്ലൂംബര്‍ഗ് എല്‍.പിയുടെ (Bloomberg L.P) ഉടമസ്ഥനുമായ മൈക്കല്‍ ബ്ലൂംബെര്‍ഗ് (Michael Bloomberg) മാധ്യമ ഭീമന്മാരായ വാള്‍ സ്ട്രീറ്റ് ജേണലോ (Wall Street Journal) വാഷിങ്ടണ്‍ പോസ്‌റ്റോ (Washington Post) വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.
വാള്‍ സ്ട്രീറ്റ് ജേണലിന്റെ മാതൃ സ്ഥാപനമായ ഡൗ ജോണ്‍സോ (Dow Jones) വാഷിങ്ടണ്‍ പോസ്‌റ്റോ മൈക്കല്‍ ബ്ലൂംബെര്‍ഗ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്രോതസ് കൃത്യമായി പരാമര്‍ശിക്കാതെ ആക്‌സിയോസ് (Axios) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
നിലവില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലാണ് വാഷിങ്ടണ്‍ പോസ്റ്റ്. മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ് (News Corp) എന്ന കമ്പനിയാണ് ഡൗ ജോണ്‍സിന്റെ ഉടമ.
ഒരു മാധ്യമ സ്ഥാപനം സ്വന്തമാക്കാനുള്ള ആഗ്രഹം വര്‍ഷങ്ങളായി മൈക്കല്‍ ബ്ലൂംബെര്‍ഗ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡൗ ജോണ്‍സ് വാങ്ങുന്നതിന്റെ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്താന്‍ അദ്ദേഹം റൂപര്‍ട്ട് മര്‍ഡോക്കിനെ സമീപിച്ചിട്ടില്ല എന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഷിങ്ടണ്‍ പോസ്റ്റിനെ തല്‍ക്കാലം വില്‍പനയ്ക്ക് വെച്ചിട്ടില്ല എന്ന് പത്രത്തിന്റെ വക്താവ് പ്രതികരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2013ല്‍ 250 മില്യണ്‍ ഡോളറിനാണ് ജെഫ് ബെസോസ് വാഷിങ്ടണ്‍ പോസ്റ്റ് വാങ്ങിയത്.
അതേസമയം, ബ്ലൂംബര്‍ഗ് എല്‍.പിയുടെയോ വാഷിങ്ടണ്‍ പോസ്റ്റിന്റെയോ വാള്‍ സ്ട്രീറ്റ് ജേണലിന്റെയോ ഭാഗത്ത് നിന്നും റിപ്പോര്‍ട്ടില്‍ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.
നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ പ്രധാന പത്രങ്ങള്‍ വാങ്ങാനും മൈക്കല്‍ ബ്ലൂംബെര്‍ഗ് നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
നിലവില്‍ ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ബ്ലൂംബെര്‍ഗ്.
Content Highlight: Report says billionaire Michael Bloomberg looks to buy Wall Street Journal or Washington Post