ബാഴ്‌സയുടെ പുതിയ രക്ഷകനായി എത്തുന്നത് റയൽ മാഡ്രിഡ് ഇതിഹാസം; വമ്പൻ നീക്കത്തിനൊരുങ്ങി കറ്റാലന്മാർ
Football
ബാഴ്‌സയുടെ പുതിയ രക്ഷകനായി എത്തുന്നത് റയൽ മാഡ്രിഡ് ഇതിഹാസം; വമ്പൻ നീക്കത്തിനൊരുങ്ങി കറ്റാലന്മാർ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 1:09 pm

പരിക്കേറ്റ ബാഴ്‌സലോണയുടെ ജര്‍മന്‍ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റീഗന് പകരക്കാരനായി കൊസ്റ്റാറിക്കന്‍ ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ ലക്ഷ്യം വെക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുണ്ടോ ഡിപ്പോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം നവാസിനെ ടീമിലെത്തിക്കാന്‍ കറ്റാലന്‍മാര്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ വിട്ടതിന് ശേഷം നവാസ് നിലവില്‍ ഒരു ക്ലബ്ബിനും വേണ്ടി കളിക്കുന്നില്ല. അതുകൊണ്ട് തന്നെ കോസ്റ്റാറിക്കന്‍ ഗോള്‍ കീപ്പറെ ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് സാധിക്കും. നവാസ് 2014 മുതല്‍ 2019 വരെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുണ്ട്. ലോസ് ബ്ലാങ്കോസിനൊപ്പം 164 മത്സരങ്ങള്‍ കളിച്ച നവാസ് 52 ക്ലീന്‍ ഷീറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ലാ ലീഗയില്‍ വിയ്യാറയലിനെതിരെയുള്ള മത്സരത്തിലായിരുന്നു ടെര്‍ സ്റ്റീഗന് പരിക്ക് പറ്റിയത്. മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു ടെര്‍ സ്റ്റീഗന് പരിക്ക് സംഭവിച്ചത്. കോര്‍ണറില്‍ നിന്നുള്ള പന്ത് പിടിക്കാനായി ഉയരത്തില്‍ ചാടിയ ജര്‍മന്‍ താരം മൈതാനത്ത് വീഴുകയായിരുന്നു.

ഇതിന് പിന്നാലെ താരത്തിന്റെ വലതു കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ടെര്‍ സ്റ്റീഗനെ സ്ട്രക്ചറില്‍ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പരിക്കിന് പിന്നാലെ ടെര്‍ സ്റ്റീഗന്‍ അടുത്ത എട്ട് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മത്സരത്തില്‍ വിയ്യാറയലിനെ ബാഴ്സലോണ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബ്രസീലിയന്‍ താരം റാഫീഞ്ഞയും ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 20, 35 എന്നീ മിനിട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍ പിറന്നത്.

74, 83 മിനിട്ടുകളില്‍ ബ്രസീലിയന്‍ താരവും ലക്ഷ്യം കണ്ടു. പാബ്ലോ ടോറെയാണ് ബാഴ്സക്കായി ഗോള്‍ നേടിയ മറ്റൊരു താരം. 58 മിനിട്ടില്‍ ആയിരുന്നു താരം ലക്ഷ്യം കണ്ടത്. മറുഭാഗത്ത് ആയോസെ പെരെസിലൂടെയാണ് വിയ്യാറയല്‍ തങ്ങളുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

നിലവില്‍ സ്പാനിഷ് ലീഗില്‍ ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. സെപ്റ്റംബര്‍ 26ന് ഗെറ്റാഫിക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. കറ്റാലന്‍മാരുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കോമ്പനിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Report Says Barcelona Want to Sign Keylar Navas For The Replacement of Ter Stegan