സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ്. സാവിയുഗത്തിന് ശേഷം പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ നേതൃത്വത്തിലാണ് കറ്റാലന്‍ പട ഈ സീസണില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇപ്പോഴിതാ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് ഒരു തകര്‍പ്പന്‍ സൈനിങ് നടത്തിയിരിക്കുകയാണ് ബാഴ്‌സ.
സ്പാനിഷ് യുവതാരം ഡാനി ഓല്‍മോയെ സ്പാനിഷ് വമ്പന്മാര്‍ സ്വന്തമാക്കിയത്. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്‌സിഗില്‍ നിന്നുമാണ് താരത്തെ ബാഴ്‌സ സ്വന്തമാക്കിയത്. 62 മില്യണ്‍ യൂറോക്ക് ആറ് വര്‍ഷത്തെ കരാറില്‍ താരം ബാഴ്‌സായുമായി കരാറിലേര്‍പ്പെട്ടുവെന്നാണ് ഫാബ്രിസിയോ റൊമാനൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുണ്ടസ് ലീഗയില്‍ ആര്‍.ബി ലെപ്‌സിഗിന് വേണ്ടി കഴിഞ്ഞ സീസണില്‍ 25 മത്സസരങ്ങളില്‍ നിന്നും എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സ്പാനിഷ് താരം നേടിയത്. മുന്നേറ്റനിരയില്‍ വ്യത്യസ്ത വിങ്ങുകളില്‍ കളിക്കാനുള്ള കഴിവാണ് താരത്തെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ആര്‍.ബി ലെപ്‌സിഗിന് വേണ്ടി വലത് വിങ്ങിലും ഇടത് വിങ്ങിലും ഒരുപോലെ കളിച്ചുകൊണ്ട് ശ്രദ്ധ നേടാന്‍ ഓല്‍മോക്ക് സാധിച്ചിരുന്നു.
അടുത്തിടെ അവസാനിച്ച യൂറോകപ്പില്‍ സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഓല്‍മോക്ക് സാധിച്ചിരുന്നു. മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ടാണ് താരം യൂറോയില്‍ കളംനിറഞ്ഞു കളിച്ചത്.
യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോ കപ്പിന്റെ നെറുകയില്‍ എത്തിയത്. സ്‌പെയിനിന്റെ നാലാം യൂറോ കിരീടനേട്ടമായിരുന്നു ഇത്. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും സ്പെയ്നിനു സാധിച്ചിരുന്നു.
അതേസമയം പ്രീ സീസണ്‍ മത്സരത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയും ഫലിക്കും കൂട്ടരും മികച്ച ഫോമിലാണ്.
എ.സി മിലാനെതിരെ നിശ്ചിത സമയത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒടുവില്‍ പെനാല്‍ട്ടിയില്‍ 4-3 എന്ന സ്‌കോറിനായിരുന്നു കറ്റാലന്മാര്‍ ജയിച്ചുകയറിയത്.
Content Highlight: Report Says Barcelona Sign Spanish Player Dani Olmo