2023 ജൂണിലാണ് പി.എസ്.ജിയുമായുള്ള അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അടുത്ത സീസണില്‍ പഴയതട്ടകമായ ബാഴ്സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് മെസിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോളില്‍ തന്നെ തുടരുമെന്നും ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതായും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തെ ഒരിക്കല്‍ക്കൂടി തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ബാഴ്‌സയും ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്. ഇതിന് ബലമേകുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.
അര്‍ജന്റൈന്‍ സൂപ്പര്‍താരത്തെ വീണ്ടും സൈന്‍ ചെയ്യാനുള്ള പണം കണ്ടെത്തുന്നതിനായി ‘ലയണല്‍ മെസ്സി മ്യൂസിയം’ തുറക്കാന്‍ ബാഴ്സലോണ ചര്‍ച്ച നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ ടെലിഫോണിക്കയുമായി ബാഴ്സ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഇതിന് ‘മെസ്സി സ്പേസ്’ എന്ന് പേരിടാനാണ് പദ്ധതിയിടുന്നതെന്നും ദിയാരിയോ എ.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Lionel Messi is the only player to win golden boot and playmaker award in football history.
വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ഒരു ശാശ്വത വരുമാനമാര്‍ഗം ഉണ്ടാക്കാനും ഇതുവഴി മെസിയെ ടീമില്‍ വീണ്ടും സൈന്‍ ചെയ്യിപ്പിക്കുക എന്ന ലക്ഷ്യമാണ് ടീമിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് ബാഴ്സയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഓര്‍മിപ്പിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ മെസിയുടെ ശമ്പളം ബാഴ്‌സക്ക് താങ്ങാവുന്നതിനപ്പുറമാണ്.