| Monday, 3rd October 2022, 1:07 pm

ഈ ഹാലണ്ടിനെയല്ല, 'അടുത്ത ഹാലണ്ടിനെ' ടീമിലെത്തിക്കാനൊരുങ്ങി ആഴ്‌സണലും ലിവര്‍പൂളും; ഇത് സംഭവം കിടുക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി ഗോളടി ശീലമാക്കിയ എര്‍ലിങ് ഹാലണ്ടിന് പിന്നാലെ മറ്റൊരു നോര്‍വീജിയന്‍ വണ്ടര്‍ കിഡിനെ കൂടി പ്രീമിയര്‍ ലീഗിലെത്തിക്കാന്‍ അണിയറയില്‍ നീക്കം.

അടുത്ത എര്‍ലിങ് ഹാലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍വീജിയന്‍ കൗമാര താരം ആന്‍ഡ്രിയാസ് ഷ്‌ജെല്‍ഡെറപ്പി (Andreas Schjelderup)നെയാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്.

സ്‌പോര്‍ട് ബൈബിള്‍ (Sportbible) റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പ്രീയിമര്‍ ലീഗിലെ സൂപ്പര്‍ ടീമുകളായ ആഴ്‌സണലും (Arsenal) ലിവര്‍പൂളുമാണ് (Liverpool) ആന്‍ഡ്രിയാസിനെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ താരം നോര്‍വീജിയന്‍ ക്ലബ്ബായ നോര്‍ഡ്‌സ്‌ജെല്ലാന്‍ഡിന് (Nordsjaeland) വേണ്ടിയാണ് കളിക്കുന്നത്. 2021ല്‍ ക്ലബ്ബിനൊപ്പം ചേര്‍ന്ന താരം ഇതുവരെ ടീമിനായി 49 കളിയില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

12 ഗോളും അഞ്ച് അസിസ്റ്റുമാണ് താരം ടീമിന് വേണ്ടി നേടിയത്.

ഫുട്‌ബോള്‍ ലോകത്ത് എര്‍ലിങ് ഹാലണ്ട് യുഗം തുടങ്ങിയതോടെ നോര്‍വേയിലേക്കാണ് ഫുട്‌ബോള്‍ ടീമുകളുടെ കണ്ണ് മുഴുവനും. അത്തരത്തില്‍ ഫുട്‌ബോള്‍ വമ്പന്‍മാരുടെ കണ്ണിലുടക്കിയ താരമാണ് ആന്‍ഡ്രിയാസ് ഷ്‌ജെല്‍ഡെറപ്.

ഇതിനോടകം തന്നെ താരത്തിനായി നിരവധി ഓഫറുകള്‍ വന്നെങ്കിലും ഷ്‌ജെല്‍ഡെറപ് അതെല്ലാം തന്നെ നിഷേധിക്കുകയായിരുന്നു.

ലാ ലീഗയിലെ സൂപ്പര്‍ ടീമുകളില്‍ ഒന്നായ സെവിയ താരത്തിന് മുമ്പില്‍ 3.5 മില്യണ്‍ യൂറോയുടെ കരാര്‍ വെച്ചിട്ടുണ്ടായിരുന്നുവെങ്കിലും താരം അതെല്ലാം നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഗണ്ണേഴ്‌സും റെഡ്‌സും താരത്തെ ടീമിലെത്തിക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ആഴ്‌സണലിന്റെ മിഡ്ഫീല്‍ഡറും നോര്‍വീജിയന്‍ ഇന്റര്‍നാഷണലുമായ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ് (Martin Odegaard) ടീമിലുള്ളതിനാല്‍ ഷ്‌ജെല്‍ഡെറപ്പിനെ ടീമിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഗണ്ണേഴ്‌സ് കരുതുന്നത്.

എന്നാല്‍, ഒഡേഗാര്‍ഡിനേക്കാളും ഷ്‌ജെല്‍ഡെറപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ളത് ലിവര്‍പൂളിന്റെ കോച്ച് തന്നെയായിരിക്കാം. യര്‍ഗന്‍ ക്ലോപ്പ് (Jurgen Clopp)എന്ന ലെജന്‍ഡിന് കീഴില്‍ കളിക്കാന്‍ സാധിക്കുന്നതിനാലും ഒപ്പം ചാമ്പ്യന്‍സ് ലീഗിലും കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ തന്നെ താരം ലിവര്‍പൂളിനായിരിക്കും സാധ്യത കല്‍പിക്കുക.

Content Highlight: Report says Arsenal and Liverpool are trying to sign striker known as the ‘next Erling Haaland’

We use cookies to give you the best possible experience. Learn more