ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി ഗോളടി ശീലമാക്കിയ എര്‍ലിങ് ഹാലണ്ടിന് പിന്നാലെ മറ്റൊരു നോര്‍വീജിയന്‍ വണ്ടര്‍ കിഡിനെ കൂടി പ്രീമിയര്‍ ലീഗിലെത്തിക്കാന്‍ അണിയറയില്‍ നീക്കം.
അടുത്ത എര്‍ലിങ് ഹാലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍വീജിയന്‍ കൗമാര താരം ആന്‍ഡ്രിയാസ് ഷ്‌ജെല്‍ഡെറപ്പി (Andreas Schjelderup)നെയാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്.
സ്‌പോര്‍ട് ബൈബിള്‍ (Sportbible) റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം പ്രീയിമര്‍ ലീഗിലെ സൂപ്പര്‍ ടീമുകളായ ആഴ്‌സണലും (Arsenal) ലിവര്‍പൂളുമാണ് (Liverpool) ആന്‍ഡ്രിയാസിനെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
നിലവില്‍ താരം നോര്‍വീജിയന്‍ ക്ലബ്ബായ നോര്‍ഡ്‌സ്‌ജെല്ലാന്‍ഡിന് (Nordsjaeland) വേണ്ടിയാണ് കളിക്കുന്നത്. 2021ല്‍ ക്ലബ്ബിനൊപ്പം ചേര്‍ന്ന താരം ഇതുവരെ ടീമിനായി 49 കളിയില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
12 ഗോളും അഞ്ച് അസിസ്റ്റുമാണ് താരം ടീമിന് വേണ്ടി നേടിയത്.
ഫുട്‌ബോള്‍ ലോകത്ത് എര്‍ലിങ് ഹാലണ്ട് യുഗം തുടങ്ങിയതോടെ നോര്‍വേയിലേക്കാണ് ഫുട്‌ബോള്‍ ടീമുകളുടെ കണ്ണ് മുഴുവനും. അത്തരത്തില്‍ ഫുട്‌ബോള്‍ വമ്പന്‍മാരുടെ കണ്ണിലുടക്കിയ താരമാണ് ആന്‍ഡ്രിയാസ് ഷ്‌ജെല്‍ഡെറപ്.
ഇതിനോടകം തന്നെ താരത്തിനായി നിരവധി ഓഫറുകള്‍ വന്നെങ്കിലും ഷ്‌ജെല്‍ഡെറപ് അതെല്ലാം തന്നെ നിഷേധിക്കുകയായിരുന്നു.