ദുബായ്: യു.എ.ഇയില്‍ എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ഭീമനായ ആമസോണ്‍. യു.എ.ഇ അധികൃതരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ആമസോണിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇ ഡൊമൈന്‍ വെബ്‌സൈറ്റില്‍ 150ലേറെ കീ വേര്‍ഡുകളുടെ സെര്‍ച്ച് റിസള്‍ട്ടുകളാണ് ആമസോണ്‍ ഹൈഡ് ചെയ്തിരിക്കുന്നത്. എല്‍.ജി.ബി.ടി.ക്യു, പ്രൈഡ്, ക്ലോസെറ്റഡ് ഗേ (closeted gay), ട്രാന്‍സ്‌ജെന്റര്‍ ഫ്‌ളാഗ്, ക്വിയര്‍ ബ്രൂച് (queer brooch), ചെസ്റ്റ് ബൈന്‍ഡര്‍ ഫോര്‍ ലെസ്ബിയന്‍സ് (chest binder for lesbians) എന്നീ സെര്‍ച്ച് കീ വേര്‍ഡുകളാണ് ഹൈഡ് ചെയ്തിരിക്കുന്നവയില്‍ ചിലത്.
എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റിങ്ങും വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
നഗാട കബി എഴുതിയ മൈ ലെസ്ബിയന്‍ എക്‌സ്പീരിയന്‍സ് വിത്ത് ലോണ്‍ലിനസ് (My Lesbian Experience With Loneliness by Nagata Kabi), ജെന്റര്‍ ക്വിയര്‍: എ മെമ്വാ ബൈ മൈഅ കൊബാബെ (Gender Queer: A Memoir by Maia Kobabe), റൊക്‌സേന്‍ ഗേയുടെ ബാഡ് ഫെമിനിസ്റ്റ് (Bad Feminist by Roxane Gay) എന്നീ പുസ്തകങ്ങളാണ് നീക്കം ചെയ്തവയില്‍ ചിലത്.
Amazon.ae സ്റ്റോറിലാണ് സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഒരു ഇന്റേണല്‍ മെമോയും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എല്‍.ജി.ബി.ടി.ക്യു ഉല്‍പന്നങ്ങളുടെ സെര്‍ച്ച് റിസള്‍ട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ യു.എ.ഇ അധികൃതര്‍ ആമസോണിന് വെള്ളിയാഴ്ച വരെയായിരുന്നു സമയം കൊടുത്തിരുന്നതെന്നും യു.എ.ഇയുടെ ദേശീയ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാത്ത പക്ഷം പിഴയടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് യു.എ.ഇ ആമസോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ ആമസോണ്‍ വക്താവ് പ്രതികരിച്ചിട്ടുണ്ട്.
”വ്യത്യസ്തതയും തുല്യതയും ഞങ്ങള്‍ അംഗീകരിക്കുന്നു. എല്‍.ജി.ബി.ടി.ക്യു പ്ലസ് കമ്യൂണിറ്റിയില്‍ പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
അതേസമയം, ലോകത്ത് മുഴുവന്‍ ആമസോണിന് സ്‌റ്റോറുകളുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും ഞങ്ങള്‍ക്ക് പാലിക്കേണ്ടതുണ്ട്,” ആമസോണ്‍ വക്താവ് മിഡില്‍ ഈസ്റ്റ് ഐക്ക് അയച്ച ഇ മെയിലില്‍ പറയുന്നു.
2017ലാണ് ആമസോണിന്റെ യു.എ.ഇ ബ്രാഞ്ചിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. സ്വവര്‍ഗ റിലേഷന്‍ഷിപ്പുകള്‍ യു.എ.ഇയില്‍ നിയമവിരുദ്ധമാണ്.
Content Highlight: Report says Amazon restricts LGBTQ goods in United Arab Emirates after pressure from authorities