വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററിനും മെറ്റക്കും പിന്നാലെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കവുമായി ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമനായ ആമസോണ്‍.
ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായാണ് 10,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള ആമസോണിന്റെ നീക്കം.
കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി ലാഭകരമല്ലാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കാനുമാണ് ആമസോണ്‍ പദ്ധതിയിടുന്നതെന്നും ഈ ആഴ്ച മുതല്‍ 10,000 ജീവനക്കാരെ വരെ കമ്പനി പിരിച്ചുവിടുമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പിരിച്ചുവിടപ്പെടുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 10,000ത്തോളം എത്തുകയാണെങ്കില്‍ ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കുമിത്.
റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സസ് എന്നിവയ്ക്കൊപ്പം അലക്സ വോയ്സ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തമുള്ള ഡിവൈസസ് ഗ്രൂപ്പിനെ വരെ ഈ നീക്കം ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാഭകരമല്ലാത്ത ചില യൂണിറ്റുകളിലെ ജീവനക്കാരോട് കമ്പനിക്കുള്ളിലെ തന്നെ മറ്റ് ജോലി സാധ്യതകള്‍ തേടാന്‍ ആമസോണ്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറാണ് ആമസോണ്‍. ആഗോളതലത്തില്‍ 16 ലക്ഷത്തിലധികം പേരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.
നേരത്തെ ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി ട്വിറ്ററില്‍ നിന്നും പകുതിയിലധികം തൊഴിലാളികളെയും ഒഴിവാക്കാന്‍ ഇലോണ്‍ മസ്‌ക് തീരുമാനമെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസ്‌ക് ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഈ നീക്കം.
Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ 3700 പോസ്റ്റുകള്‍ ഇല്ലാതാക്കാന്‍ മസ്‌ക് പദ്ധതിയിടുന്നതായായിരുന്നു റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ ജീവനക്കാരെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു.
മസ്‌കിന്റെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് ട്വിറ്ററിന്റെ സഹ സ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നതിനിടെ, സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മാപ്പ് ചോദിച്ചുകൊണ്ട് ഡോര്‍സി ട്വീറ്റ് ചെയ്യുകയായിരുന്നു.
തൊഴിലാളികളെല്ലാം ഇന്നെത്തി നില്‍ക്കുന്ന ഈ അവസ്ഥയുടെ ഉത്തരവാദിത്തം എനിക്കുണ്ട്. കമ്പനിയെ ഞാന്‍ വളരെ വേഗത്തില്‍ വളര്‍ത്തി. ഞാനതിന് മാപ്പു ചോദിക്കുന്നു, എന്നായിരുന്നു ജാക്ക് ഡോര്‍സിയുടെ ട്വീറ്റ്.
മസ്‌കിന്റെ ഈ നീക്കത്തെ കുറിച്ചുള്ള വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും (Meta) തീരുമാനമെടുത്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
11,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് മെറ്റ ഒരുങ്ങുന്നത്. കമ്പനിയുടെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ അറിയിക്കുകയായിരുന്നു.
18 വര്‍ഷത്തിനിടക്ക് ഇതാദ്യമായാണ് മെറ്റ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. കണക്കുകള്‍ പ്രകാരം കമ്പനിയില്‍ 87,000 ജീവനക്കാരാണുള്ളത്.
ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷെയര്‍ ഹോള്‍ഡറായ ഓള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് സക്കര്‍ബര്‍ഗിനയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പിരിച്ചുവിടലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ തൊഴിലാളികളെ എടുക്കുന്നത് താല്‍കാലികമായി നിര്‍ത്തുവാനും മെറ്റ ആലോചിക്കുന്നുണ്ട്.
മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക് കമ്പനിയായ ബൈജൂസും (BYJU’S) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. വേണ്ടത്ര നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ നല്‍കാതെ നടത്തിയ പിരിച്ചുവിടലിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
കേരളത്തില്‍ ഇത്തരത്തില്‍ പുറത്താക്കപ്പെട്ട ജീവനക്കാര്‍ ബൈജൂസിനെതിരെ മന്ത്രി വി. ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു.
മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് ബൈജൂസ് അധികൃതര്‍ അറിയിച്ചതായാണ് ജീവനക്കാരുടെ പരാതി. നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് ബൈജൂസ് ആവശ്യപ്പെട്ടത്. ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതെന്നും ബൈജൂസ് ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
അതേസമയം ആഗോള സാമ്പത്തികമാന്ദ്യം ടെക് കമ്പനികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, സ്‌നാപ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlight: Report says Amazon plans to lay off over 10,000 employees