പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്
World News
പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 1:22 pm

സിന്ധ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ അമ്പതോളം ഗ്രാമങ്ങള്‍ മുങ്ങിപ്പോയതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കം സിന്ധ് പ്രവിശ്യയിലേക്ക് കടന്നതോടെയാണ് മുപ്പതിലേറെ ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. ഇതോടെയാണ് സിന്ധ് പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ആകെ ഗ്രാമങ്ങളുടെ എണ്ണം അമ്പത് കടന്നത്.

ബലൂചിസ്ഥാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്. വെള്ളപ്പൊക്കത്തിന്റെ രണ്ടാമത്തെ സ്ട്രീം തൊട്ടടുത്തുള്ള ഖംബര്‍- ഷഹ്ദാദ്കോട്ട് ജില്ലയിലും ദദു ജില്ലയിലെ കച്ചോയിലെ മലയോര പ്രദേശങ്ങളിലും പ്രവേശിച്ചുകഴിഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ എ.ആര്‍.വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

”കച്ചോയിലെ മുപ്പത് ഗ്രാമങ്ങളും ലിങ്ക് റോഡുകളും വെള്ളത്തില്‍ മുങ്ങി, മലയോര മേഖലയില്‍ വെള്ളത്തില്‍ മുങ്ങിയ ഗ്രാമങ്ങളുടെ ആകെ എണ്ണം 50 ആയി,” വിവിധ സ്രോതസുകളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍, തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി മലമ്പ്രദേശങ്ങളിലും മറ്റും അഭയം തേടിയിരിക്കുകയാണ്.

അതേസമയം, ബലൂചിസ്ഥാനെയും സിന്ധ് പ്രവിശ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ലിങ്ക് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇരു പ്രവിശ്യകളെയും ബന്ധിപ്പിക്കുന്ന ലാസ്‌ബെലയിലെയും ഖുസ്ദാറിലെയും റോഡും പാലവും തകര്‍ന്നതിനെത്തുടര്‍ന്ന് ബലൂചിസ്ഥാനും സിന്ധും തമ്മിലുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

പ്രധാന പാലങ്ങള്‍ തകര്‍ന്നതിനാലും ഹൈവേയുടെ ഭാഗങ്ങള്‍ ഒലിച്ചുപോയതിനാലും ക്വെറ്റ- കറാച്ചി ദേശീയപാതയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണില്‍ ബലൂചിസ്ഥാനില്‍ അസാധാരണമാം വിധം കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ കൊഹിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അമ്പതോളം വീടുകള്‍ ഒലിച്ചുപോയിരുന്നു. അപ്പര്‍ കൊഹിസ്ഥാന്‍ താഴ്വരയിലെ കാന്‍ഡിയ തഹസിലിലായിരുന്നു വന്‍ നാശനഷ്ടമുണ്ടായത്.

രണ്ട് ഗ്രാമങ്ങളെയായിരുന്നു വെള്ളപ്പൊക്കം ബാധിച്ചത്. കുറഞ്ഞത് 50 വീടുകളും മിനി പവര്‍ സ്റ്റേഷനുകളും ഒലിച്ചുപോയതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ശക്തിയോടെ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യുമെന്നാണ് കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തില്‍, പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് (പി.എം.ഡി) പറയുന്നത്.

ഈ സമയത്ത് യാത്ര ചെയ്യുന്നവരും വിനോദസഞ്ചാരികളും ജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

Content Highlight: Report says almost 50 villages submerged in the Sindh province in Pakistan due to flood