റൊണാൾഡോക്കൊപ്പം കളിക്കാൻ സ്പാനിഷ് ഗോളടിവീരൻ എത്തുന്നു; ബാഴ്‌സ നോട്ടമിട്ടവനെ റാഞ്ചാൻ അൽ നസർ
Football
റൊണാൾഡോക്കൊപ്പം കളിക്കാൻ സ്പാനിഷ് ഗോളടിവീരൻ എത്തുന്നു; ബാഴ്‌സ നോട്ടമിട്ടവനെ റാഞ്ചാൻ അൽ നസർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 3:34 pm

സ്പാനിഷ് യുവതാരം ഡാനി ഓല്‍മോയെ സ്വന്തമാക്കാന്‍ സൗദി വമ്പന്മാരായ അല്‍ നാസര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ താരം ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്സിഗിന് വേണ്ടിയാണ് പന്തുതട്ടുന്നത്.

ഡാനിയെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ശക്തമായ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അല്‍ നസറും താരത്തെ ലക്ഷ്യം വെക്കുന്നത്. എന്‍.എഫ്.സി വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുണ്ടസ് ലീഗയില്‍ ആര്‍.ബി ലെപ്സിഗിന് വേണ്ടി കഴിഞ്ഞ സീസണില്‍ 25 മല്‍സരങ്ങളില്‍ നിന്നും എട്ട് ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് സ്പാനിഷ് താരം നേടിയത്.

മുന്നേറ്റനിരയില്‍ വ്യത്യസ്ത വിങ്ങുകളില്‍ കളിക്കാനുള്ള കഴിവാണ് താരത്തെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ആര്‍.ബി ലെപ്സിഗിന് വേണ്ടി വലത് വിങ്ങിലും ഇടത് വിങ്ങിലും ഒരുപോലെ കളിച്ചുകൊണ്ട് ശ്രദ്ധ നേടാന്‍ ഓല്‍മോക്ക് സാധിച്ചിരുന്നു.

അടുത്തിടെ അവസാനിച്ച യൂറോകപ്പില്‍ സ്പെയിനിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഓല്‍മോക്ക് സാധിച്ചിരുന്നു. മൂന്ന് ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ടാണ് താരം യൂറോയില്‍ കളംനിറഞ്ഞു കളിച്ചത്.

യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോ കപ്പിന്റെ നെറുകയില്‍ എത്തിയത്. സ്പെയിനിന്റെ നാലാം യൂറോ കിരീടനേട്ടമായിരുന്നു ഇത്. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും സ്‌പെയ്‌നിനു സാധിച്ചിരുന്നു.

ഓല്‍മോക്ക് മുന്നില്‍ ഒരു നീണ്ട ഫുട്‌ബോള്‍ കരിയറാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്ര ചെറിയ പ്രായത്തില്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് താരം തെരഞ്ഞെടുക്കുമോ എന്നും കണ്ടറിയേണ്ട ഒന്നുതന്നെയാണ്.

ഇതിനെയെല്ലാം മറികടന്നുകൊണ്ട് താരം യൂറോപ്പിലെ ഏതെങ്കിലും വമ്പന്‍ ക്ലബ്ബുകളില്‍ ചേരുകയാണെങ്കില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ തുടങ്ങിയ പ്രധാന ടൂര്ണമെന്റുകളുടെ ഭാഗമാവാന്‍ സാധിക്കും.

അതേസമയം അല്‍ നസറിന് കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ലൂയിസ് കാസ്ട്രോയുടെ കീഴില്‍ സൗദി പ്രോ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടിയെടുക്കാന്‍ അല്‍ നസറിന് സാധിച്ചിരുന്നില്ല. 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്.

അതുകൊണ്ട് തന്നെ മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ടീം കൂടുതല്‍ ശക്തമാക്കി മാറ്റിക്കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനായിരിക്കും അല്‍ നസര്‍ ലക്ഷ്യം വെക്കുക.

 

Content Highlight: Report Says Al Nassr Want To Sign Spain Player Dani Olmo