| Saturday, 17th August 2024, 11:58 am

റയൽ ഇതിഹാസവും റൊണാൾഡോയും ഒന്നിക്കുന്നു; റയലിന്റെ പഴയ കൂട്ടുകെട്ട് ഇനി അൽ നസറിലും?

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ സെര്‍ജിയോ റാമോസിനെ സ്വന്തമാക്കാന്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. റാമോസിനെ ടീമിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമിക്കുന്നുവെന്നാണ് സൗദി വാര്‍ത്താ ഏജന്‍സിയായ എം.ഡി.ആര്‍ ജല്‍നസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ താരമാണ് റാമോസ്. 2023ലാണ് താരം തന്റെ പഴയ ക്ലബ്ബായ സെവിയ്യയില്‍ എത്തിയത്. സ്പാനിഷ് ക്ലബ്ബിനൊപ്പം 37 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു റാമോസ് കഴിഞ്ഞ സീസണില്‍ നേടിയത്.

ക്ലബ്ബിനൊപ്പമുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചതിനു പിന്നാലെയാണ് റാമോസിനെ ടീമിലെത്തിക്കാന്‍ സൗദി വമ്പന്മാര്‍ ശ്രമം നടത്തുന്നത്. റയല്‍ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്കായിരുന്നു താരം ചേക്കേറിയിരുന്നത്.

റാമോസ് അല്‍ നസറില്‍ എത്തുകയാണെങ്കില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം വീണ്ടും റയലിലെ പഴയ കൂട്ടുകെട്ട് സൃഷ്ടിച്ചെടുക്കാന്‍ റാമോസിന് സാധിക്കും. 2009 മുതല്‍ 2018 വരെ നീണ്ട ഒമ്പത് വര്‍ഷങ്ങളില്‍ റയലില്‍ റാമോസും റൊണാള്‍ഡോയും ഒരുമിച്ച് കളിച്ചിരുന്നു.

ഇരുവരും 330 മത്സരങ്ങളിലാണ് ലോസ് ബ്ലാങ്കോസിനു വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളത്. റയലിനായി ഇരുവരും ചേര്‍ന്ന് 12 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്. രണ്ട് ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി 15 കിരീടങ്ങള്‍ റയല്‍ മാഡ്രിഡിനൊപ്പം നേടിയെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ ഒരു ട്രാന്‍സ്ഫര്‍ നടന്നു കഴിഞ്ഞാല്‍ ലോസ് ബ്ലാങ്കോസിലെ പഴയ കൂട്ടുകെട്ട് വീണ്ടും ഫുട്ബോള്‍ ലോകത്തിന് മുന്നില്‍ കാണാന്‍ ആരാധകര്‍ക്ക് സാധിക്കും.

അതേസമയം ഇന്ന് നടക്കുന്ന സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലിനെ നേരിടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും.

കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെ പോയ അല്‍ നസറിന് ഈ സീസണില്‍ തുടക്കത്തില്‍ തന്നെ കിരീടം നേടിക്കൊണ്ട് ഗംഭീരമായ സീസണ്‍ തുടങ്ങാനുള്ള അവസരമാണ് മുന്നിലെത്തി നില്‍ക്കുന്നത്.

സെമി ഫൈനലില്‍ അല്‍ താവൂണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്  പരാജയപ്പെടുത്തിയായിരുന്നു റൊണാള്‍ഡോയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ റൊണാള്‍ഡോ ലക്ഷ്യം കണ്ടിരുന്നു. ടൂര്‍ണമെന്റിലെ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു ഇത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ ഈ ഗോളടിമികവ് കലാശ പോരാട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Report Says Al Nassr Want Sign Sergio Ramos

We use cookies to give you the best possible experience. Learn more