ക്ലബ്ബ് പ്രസിഡന്റ് രാജിവെച്ചു; പ്രതിസന്ധിയില്‍ വലഞ്ഞ് റോണോയുടെ അല്‍ നസര്‍
football news
ക്ലബ്ബ് പ്രസിഡന്റ് രാജിവെച്ചു; പ്രതിസന്ധിയില്‍ വലഞ്ഞ് റോണോയുടെ അല്‍ നസര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th April 2023, 10:10 am

കഴിഞ്ഞ ദിവസം കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ വെഹ്ദയോടാണ് അല്‍ നസര്‍ തോല്‍വി വഴങ്ങിയത്. ഇതോടെ കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നിന്ന് അല്‍ നസര്‍ പുറത്തായിരുന്നു.

മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ അല്‍ നസറില്‍ വലിയ പ്രതിസന്ധിയുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 200 മില്യണ്‍ യൂറോ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിന് അല്‍ നസറുമായി സൈനിങ് നടത്തിയ റൊണാള്‍ഡോക്കെതിരെ തന്നെയാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

അറബ് ഷെയ്ഖ് റൊണാള്‍ഡോയുടെ പ്രകടനത്തില്‍ പ്രകോപിതനാണെന്നും ഈ പെര്‍ഫോമന്‍സ് തുടരുകയാണെങ്കില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോയെ പുറത്താക്കാന്‍ തീരുമാനമുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനും അപ്പുറത്തേക്ക് അല്‍ നസറിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടുതല്‍ കടുപ്പമാണെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അല്‍ നസര്‍ ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുസല്ലി അല്‍-മുഅമ്മര്‍, ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്നാണ് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുസല്ലി അല്‍-മുഅമ്മര്‍ കായിക മന്ത്രാലയത്തിന് രാജിക്കത്ത് സമര്‍പ്പിച്ചതായി സൗദി ഗസറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരാഴ്ചക്കിടെ തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരുടെ വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ക്ലബ് മേധാവി രാജിവെക്കുന്നത്. രണ്ട് ദിവസത്തിനകം അല്‍ മുഅമ്മറിന്റെ രാജി അംഗീകരിക്കുകയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

2021 ഏപ്രില്‍ ഒന്നിനാണ് സഫ്വാന്‍ അല്‍-സുവൈകെതിന്റെ പിന്‍ഗാമിയായി സൗദി പ്രോ ലീഗിന്റെ തലവനായിരുന്ന അല്‍-മുഅമ്മര്‍ അല്‍നസര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.

Content Highlight: Report says Al-Nassr President Al-Muammar resigns