| Monday, 19th August 2024, 7:08 pm

റൊണാൾഡോയുടെ പ്രിയപ്പെട്ടവൻ അൽ നസറിൽ നിന്നും പുറത്തേക്ക്? പകരക്കാരൻ പോർച്ചുഗലിന്റെ പഴയ സിംഹം

സ്പോര്‍ട്സ് ഡെസ്‌ക്

2024 സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ നസറിനെ പരാജയപ്പെടുത്തി അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ വിജയിച്ചത്. ഇതോടെ സൗദി സൂപ്പര്‍ കപ്പ് നേടി കൊണ്ട് പുതിയ സീസണിലേക്ക് മികച്ച ആത്മവിശ്വാസത്തോടെ വരാനുള്ള അല്‍ നസറിന്റെ വലിയ ലക്ഷ്യവുമാണ് നിലവിലെ സൗദിയിലെ ചാമ്പ്യന്മാര്‍ ഇല്ലാതാക്കിയത്.

ഇപ്പോഴിതാ അല്‍ നസറിന്റെ ഈ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകന്‍ ലൂയിസ് കാസ്ട്രോയെ പുറത്താക്കാന്‍ സൗദി വമ്പന്മാര്‍ ആലോചിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബോല വി.പിയുടെ റിപ്പോര്‍ട്ട് പ്രകാരം അല്‍ നസര്‍ ലൂയിസ് കാസ്ട്രോയെ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നാണ് പറയുന്നത്. പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോ എഫ്.സിയുടെ മുന്‍ പരിശീലകനായ സെര്‍ജിയോ കോണ്‍സെക്കാവോയെ ക്ലബ്ബ് പുതിയ പരിശീലക സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൂയിസിന്റെ കീഴില്‍ കഴിഞ്ഞ സീസണില്‍ അല്‍ നസറിന് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്. കഴിഞ്ഞ സീസണില്‍ നടന്ന കിങ്സ് കപ്പ് ഫൈനലിലും അല്‍ ഹിലാലിനോട് ലൂയിസ് കാസ്‌ട്രോയും സംഘവും പരാജയപ്പെട്ടിരുന്നു.

അതേസമയം മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളിലൂടെ അല്‍ നസറാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യ പകുതി ഏകപക്ഷീയമായ ഒരു ഗോളിന് സ്വന്തമാക്കിയ അല്‍ നസറിന് മത്സരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ പിഴക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് അല്‍ ഹിലാല്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. സെര്‍ജ് മിലിങ്കോവിച്ച് സാവിക് 55, അലക്‌സാണ്ടര്‍ മിട്രാവിച്ച് 63, 69, മാല്‍കോം 72 എന്നിവരായിരുന്നു അല്‍ ഹിലാലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ഇനി അല്‍ നസറിന്റെ മുന്നിലുള്ളത് സൗദി പ്രോ ലീഗാണ്. പുതിയ സീസണില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും അല്‍ നസര്‍ ലക്ഷ്യമിടുക. ഓഗസ്റ്റ് 22ന് അല്‍ റെയ്ദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Report Says Al Nassr Coach Luis Castro will Be Left

We use cookies to give you the best possible experience. Learn more