| Wednesday, 11th September 2024, 9:12 pm

റൊണാൾഡോയും സംഘവും കരുതിയിരുന്നോ! സൗദി കീഴടക്കാൻ സൂപ്പർതാരം തിരിച്ചെത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നെയ്മറിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ഒരു വലിയ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്,

സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിനുള്ള അല്‍ ഹിലാല്‍ ടീമില്‍ നെയ്മറെ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ റിയാദിയയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിനുള്ള അല്‍ ഹിലാലിന്റെ 31 അംഗ സ്‌ക്വാഡില്‍ നെയ്മറെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് പറയുന്നത്.

ടൂര്‍ണമെന്റ് തുടങ്ങുന്നതിന് അഞ്ച് ദിവസം മുമ്പ് വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എ.എഫ്.സിയുടെ രജിസ്ട്രഷന്‍ നിയമപ്രകാരം ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുന്നത് വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷം നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്‌ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ മാത്രമേ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചുള്ളൂ.

അല്‍ ഹിലാല്‍ നെയ്മറിനെ സൗദി പ്രൊ ലീഗില്‍ ടീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. സൗദി പ്രോ ലീഗിലെ നിയമപ്രകാരം ഒരു ക്ലബ്ബിന് പത്ത് വിദേശ താരങ്ങളെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളൂ. ഇപ്പോള്‍ നെയ്മര്‍ പരിക്ക് മാറി ടീമിനൊപ്പം വീണ്ടും കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏതെങ്കിലും ഒരു താരത്തെ അല്‍ ഹിലാല്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരും.

നെയ്മറിന്റെ അഭാവത്തിലും അല്‍ ഹിലാല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ സീസണിലെ സൗദി ചാമ്പ്യന്‍മാരാവാന്‍ അല്‍ ഹിലാലിന് സാധിച്ചിരുന്നു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സൗദി സൂപ്പര്‍ കപ്പും അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. അല്‍ നസറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ കിരീടം ചൂടിയത്.

നിലവില്‍ സൗദി ലീഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. സൗദി ലീഗില്‍ സെപ്റ്റംബര്‍ 14നാണ് നിലവിലെ സൗദി ചാമ്പ്യന്മാര്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ റിയാദിനെയാണ് അല്‍ ഹിലാല്‍ നേരിടുക.

Content Highlight: Report says Al Hilal Include Neymar For AFC Champions League

We use cookies to give you the best possible experience. Learn more