| Tuesday, 3rd September 2024, 8:27 am

നെയ്മർ തിരിച്ചെത്തിയാൽ തിരിച്ചടി കിട്ടുക ബ്രസീലിയൻ താരത്തിന്; നിർണായക നീക്കവുമായി അൽ ഹിലാൽ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി വമ്പന്‍മാരായ അല്‍ ഹിലാല്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ  ഈ സീസണില്‍ ടീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി ഔട്ട്ലെറ്റായ അരിയാദിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്‌ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

ഇതിന് പിന്നാലെ അല്‍ ഹിലാല്‍ താരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സൗദി പ്രോ ലീഗിലെ നിയമപ്രകാരം ഒരു ക്ലബ്ബിന് പത്ത് വിദേശ താരങ്ങളെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളൂ. ഇപ്പോള്‍ നെയ്മര്‍ പരിക്ക് മാറി ടീമിനൊപ്പം വീണ്ടും കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏതെങ്കിലും ഒരു താരത്തെ അല്‍ ഹിലാല്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരും. നെയ്മറെ രജിസ്റ്റര്‍ ചെയ്യാനായി അല്‍ ഹിലാല്‍ ബ്രസീലിയൻ താരം റെനാന്‍ ലോഡിയെ ആയിരിക്കും ഒഴിവാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ മാത്രമേ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചുള്ളൂ. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി നെയ്മര്‍ നേടിയത്.

നെയ്മറിന്റെ അഭാവത്തിലും അല്‍ ഹിലാല്‍ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ സീസണിലെ സൗദി ചാമ്പ്യന്‍മാരാവാന്‍ അല്‍ ഹിലാലിന് സാധിച്ചിരുന്നു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന സൗദി സൂപ്പര്‍ കപ്പും അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. അല്‍ നസറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ കിരീടം ചൂടിയത്.

നിലവില്‍ സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

സൗദിയില്‍ സെപ്റ്റംബര്‍ 14നാണ് അല്‍ ഹിലാല്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അല്‍ റിയാദിനെയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ നേരിടുക. അല്‍ റിയാദിന്റെ തട്ടകമായ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Report Says Al Hilal Are Register Neymar in this Season

We use cookies to give you the best possible experience. Learn more