വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വോട്ടിങ്ങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഡിഫന്‍സ് സ്റ്റാഫിനോട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി റിപ്പോര്‍ട്ട്.
2020ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വൈറ്റ്ഹൗസ് പുറത്തിറക്കിയ ഡ്രാഫ്റ്റ് എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ആണ് ടോപ് മിലിറ്ററി നേതാവിനോട് വോട്ടിങ്ങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചത് എന്നാണ് വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാഷണല്‍ ആര്‍ക്കൈവ് പുറത്തുവിട്ട ഈ ഡോക്യുമെന്റ് പൊളിറ്റിക്കോ ആണ് വാര്‍ത്തയാക്കിയത്.
”അടിയന്തരമായി നടപ്പില്‍ വരുത്തേണ്ടത്, എല്ലാ മെഷീനുകളും, ഉപകരണങ്ങളും, ഇലക്ട്രോണിക്കായി സ്‌റ്റോര്‍ ചെയ്ത വിവരങ്ങളും, മെറ്റീരിയല്‍ റെക്കോര്‍ഡുകളും പ്രതിരോധ സെക്രട്ടറി കണ്ടുകെട്ടേണ്ടതാണ്,” മൂന്ന് പേജുള്ള ഡ്രാഫ്റ്റില്‍ പറയുന്നു.
കാപിറ്റോള്‍ അക്രമത്തിന്റെ അന്വേഷണച്ചുമതലയുള്ള ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് സെലക്ട് കമ്മിറ്റിയാണ് രേഖ കണ്ടെടുത്തത്. രേഖകള്‍ പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു.