'കോഹ്‌ലിയും ബാബറും' ഒരേ ടീമിൽ കളിക്കും? പുതിയ ടൂർണമെന്റ് അണിയറയിൽ ഒരുങ്ങുന്നു
Cricket
'കോഹ്‌ലിയും ബാബറും' ഒരേ ടീമിൽ കളിക്കും? പുതിയ ടൂർണമെന്റ് അണിയറയിൽ ഒരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 10:01 pm

ക്രിക്കറ്റില്‍ വീണ്ടും അഫ്രോ-ഏഷ്യന്‍ കപ്പ് നടക്കാന്‍ സാധ്യതകള്‍. രണ്ടു വന്‍കരകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ടൂര്‍ണമെന്റ് വീണ്ടും നടക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്രോ-ഏഷ്യാ കപ്പ് എത്രയും വേഗത്തില്‍ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈ ടൂര്‍ണമെന്റ് വീണ്ടും നടക്കാനുള്ള സാധ്യതകളെക്കുറിച്ച് മുന്‍ ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സുമോദ് ദാമോദര്‍ പറഞ്ഞു.

‘വ്യക്തിപരമായി ആഫ്രോ-ഏഷ്യാ കപ്പ് നടക്കാത്തതില്‍ ഞാന്‍ വളരെ വേദനിക്കുന്നു. എ.സി.എ വഴി ഈ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യതകള്‍ കുറവായി. ഇപ്പോള്‍ ഞങ്ങള്‍ അത് വീണ്ടും നടത്താന്‍  ശ്രമിക്കുകയാണ്. ഇതിനായി ആഫ്രിക്കയെ ഞാന്‍ മുന്നോട്ടു കൊണ്ടു വരേണ്ടതുണ്ട്,’ സുമോദ് ദാമോദര്‍ ഫോര്‍ബ്‌സിനോട് പറഞ്ഞു.

അഫ്രോ-ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റ് രണ്ടു സീസണുകളില്‍ മാത്രമേ നടന്നിട്ടുള്ളൂ. 2005ലും 2007ലും ആണ് ഈ ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പ്രതിനിധീകരിച്ച ഏഷ്യ ഇലവനും സൗത്ത് ആഫ്രിക്ക, കെനിയ, സിംബാബ്‌വേ എന്നീ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക ഇലവനും ആയിരുന്നു ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നത്.

2005ല്‍ രണ്ടു ടീമുകളും മൂന്ന് വീതം ഏകദിന മത്സരങ്ങള്‍ കളിച്ചപ്പോള്‍ 2007ല്‍ ഇരു ടീമുകളും മൂന്ന് ഏകദിനവും ഒരു ടി-20 മത്സരവും കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതുകൊണ്ടും സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നതുകൊണ്ടും പിന്നീട് ഈ ടൂര്‍ണമെന്റ് നടക്കാതെ പോവുകയായിരുന്നു.

നീണ്ടകാലങ്ങള്‍ക്ക് ശേഷം ഈ ടൂര്‍ണ്ണമെന്റ് വീണ്ടും നടക്കുകയാണെങ്കില്‍ ആരാധകര്‍ക്ക് മികച്ച മത്സരങ്ങള്‍ തന്നെ കാണാന്‍ സാധിക്കും. ഈ ടൂര്‍ണ്ണമെന്റ് നടക്കുകയാണെങ്കില്‍ ഏഷ്യയിലെ പ്രധാന രാജ്യങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ എല്ലാം ഒരു ടീമില്‍ കളിക്കുന്ന കാഴ്ചക്ക് ക്രിക്കറ്റ് ലോകം സാക്ഷിയാവും.

ബാബര്‍ അസം, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, റാഷിദ് ഖാന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഒരു ടീമില്‍ കളിക്കുന്ന മികച്ച നിമിഷങ്ങള്‍ക്ക് കൂടിയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

 

Content Highlight: Report Says Afro-Asia Cup Tournament Will Come Again