ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ‘അനധികൃത കുടിയേറ്റക്കാര്‍’ക്കെതിരെ നടപടിയെടുക്കാനുള്ള പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നു.
ഇത് പ്രകാരം വിസയോ സ്റ്റേ പെര്‍മിറ്റോ ഇല്ലാത്ത അഫ്ഗാനിസ്ഥാന്‍ പൗരന്മാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കമുള്ള 1,200 പേരെ സിന്ധ് അധികൃതര്‍ തടവിലാക്കിയതായി ഖാമ പ്രസ് (Khaama Press) റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തപ്പെടുകയോ പാകിസ്ഥാനില്‍ ജയില്‍ശിക്ഷ ലഭിക്കുകയോ ചെയ്‌തേക്കുമെന്ന ഭീഷണിയിലാണ് നിലവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരില്‍ ഇതിനോടകം രണ്ട് മാസത്തെ തടവുശിക്ഷ അനുഭവിച്ച അഭയാര്‍ത്ഥികളുടെ ആദ്യ ബാച്ചിനെ ജനുവരി ഒമ്പതിന് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുമെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അഫ്ഗാനികളെ തടവിലാക്കിയതില്‍ ന്യായീകരണവുമായി സിന്ധ് പ്രവിശ്യയുടെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഷര്‍ജീല്‍ മേമന്‍ (Sharjeel Memon) രംഗത്തെത്തി.
”ഏതെങ്കിലും രാജ്യത്ത് ഒരാള്‍ അനധികൃതമായി താമസിക്കുന്നുണ്ടെങ്കില്‍, അവിടത്തെ സര്‍ക്കാര്‍ അതിനെതിരെ നടപടിയെടുക്കുകയും നിയമാനുസൃതമായി വിഷയത്തില്‍ ഇടപെടുകയും ചെയ്യും,” മേമന്‍ പറഞ്ഞു.
വിസയോടെയും വിസയില്ലാതെയും നിരവധി അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ കുറച്ച് കാലത്തിനിടെ പാകിസ്ഥാനിലേക്ക് കടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
പാകിസ്ഥാനില്‍ നിയമപരമായി കഴിയണമെങ്കില്‍ അഫ്ഗാനികള്‍ക്ക് നിലവില്‍ വിസ നീട്ടേണ്ടതുണ്ട്. ഇത് അഫ്ഗാനികള്‍ യാതൊരു റെഗുലേഷനുമില്ലാതെ ഏജന്റുമാരുടെ ചൂഷണത്തിന് വിധേയമായേക്കാവുന്ന സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.