| Tuesday, 9th November 2021, 8:05 am

താലിബാന്‍ ഭരണത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; അഫ്ഗാനില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു; ക്ഷാമം നീളുമെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത താലിബാന് കീഴില്‍ രാജ്യം വലിയ ഭക്ഷ്യക്ഷാമത്തിലേക്കാണ് പോകുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഫണ്ടിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

നവംബറില്‍ രാജ്യത്ത് ശീതകാലം ആരംഭിക്കെ, 95 ശതമാനം ആളുകള്‍ക്കും വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ലെന്നും ജനസംഖ്യയുടെ പകുതിയും പട്ടിണിയുടെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശീതകാലം ആരംഭിക്കുന്നതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടും എന്നതാണ് കാരണം. അഫ്ഗാനിലെ 3.9 കോടിയോളം വരുന്ന ജനസംഖ്യയില്‍ 22.8 മില്യണ്‍ ജനങ്ങളും (പകുതിയിലധികം) നവംബറില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2022 മാര്‍ച്ച് വരെ ഈ പ്രതിസന്ധി നീളുമെന്നും വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡ് മഹാമാരി, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. പുതിയ താലിബാന്‍ സര്‍ക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ ഫുഡ് സെക്യൂരിറ്റി ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ക്ലസ്റ്റര്‍ ഓഫ് അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ പറയുന്നുണ്ട്.

അഫ്ഗാനിസ്ഥാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണി കിടന്ന് മരിക്കുമെന്നും നേരത്തെ ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Report says Afghan people sell their children to to survive food crisis

We use cookies to give you the best possible experience. Learn more