കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അജിത് കുമാര്‍ ഒന്നിലധികം ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയിരുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. 2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച.
ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് ജയകുമാറാണ് എ.ഡി.ജി.പിയെ കൂടിക്കാഴ്ച്ചക്കായി കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെയുമായും അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു. നിലവില്‍ അജിത് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളിലും ഡി.ജി.പി അന്വേഷണം തുടരും.
തൃശൂര്‍ പൂരം നടക്കുന്ന സമയത്ത് ആര്‍.എസ്.എസ് നേതാവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണത്തില്‍ താന്‍ ആര്‍.എസ്.എസ്. നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി എ.ഡി.ജി.പി സമ്മതിക്കുകയും ചെയ്തു.
സ്വകാര്യ സന്ദര്‍ശനമായിരുന്നു എന്നാണ് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. 2023 മെയ് 22നായിരുന്നു കൂടിക്കാഴ്ച നടന്നത്. അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള അവസരമൊരുക്കിയത് ഈ കൂടിക്കാഴ്ചയിലൂടെയാണെന്നും വി.ഡി. സതീശന്‍ നേരത്തെ ആരോപിച്ചിരുന്നു.
സി.പി.ഐ.എം എം.എല്‍.എ പി.വി. അന്‍വറും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തിയതില്‍ എം.ആര്‍. അജിത് കുമാറിന് പങ്കുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
Content Highlight: Report says ADGP MR Ajith kumar had a meeting with senior RSS leader Ram Madhav