| Tuesday, 15th October 2024, 7:09 pm

ട്രെന്‍ഡിങ്ങായി 'അണ്‍ഹാപ്പി ലീവ്'; ഇന്ത്യന്‍ തൊഴിലാളികളില്‍ 70 ശതമാനവും അസന്തുഷ്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളില്‍ 70 ശതമാനം ആളുകളും അസന്തുഷ്ടരെന്ന് റിപ്പോര്‍ട്ട്. ‘ഹാപ്പിയസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മോശമായ തൊഴില്‍ സാഹചര്യം, വളര്‍ച്ചാ സാധ്യത കുറവ് തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യയിലെ തൊഴിലാളികളില്‍ അസംതൃപ്തി ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോശമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കുന്നത് ജീവനക്കാരില്‍ മാനസിക സമ്മര്‍ദം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അണ്‍ഹാപ്പി ലീവ്’നെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മാനസികമായി ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ജോലിയില്‍ അവധി അനുവദിക്കുന്ന നടപടിയാണ് അണ്‍ഹാപ്പി ലീവ്.

നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ അണ്‍ഹാപ്പി ലീവ് ട്രെന്‍ഡിങ്ങിലാണ്. നിരവധി ആളുകളാണ് #unhappyleave എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ചൈനയില്‍ നിന്നാണ് അണ്‍ഹാപ്പി ലീവിന് തുടക്കം കുറിക്കുന്നത്.

ഒരു വര്‍ഷത്തില്‍ കമ്പനിയിലെ ജീവക്കാര്‍ക്ക് 10 അണ്‍ഹാപ്പി ലീവ് അനുവദിച്ചുകൊണ്ട് പാങ് ഡോങ് ലായ് എന്ന വില്‍പന ശൃംഖലയുടെ സ്ഥാപകനും ചെയര്‍മാനുമായ യു ഡോങ്‌ലായ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഇതിന് തുടക്കം കുറിച്ചത്.

‘നിങ്ങള്‍ സന്തുഷ്ടരല്ലെങ്കില്‍ ദയവുചെയ്ത് ജോലിക്ക് വരാതിരിക്കുക. എല്ലാവര്‍ക്കും ഒരു മോശം സമയം ഉണ്ടാകാം. എന്റെ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ എന്നാണ് ഡോങ്‌ലായ് പറഞ്ഞത്. ചൈന മോണിങ് പോസ്റ്റിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അണ്‍ഹാപ്പി ലീവ് പുതിയ ഒരു തൊഴില്‍ സംസ്‌കാരമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടി. നേരത്തെ ലഭ്യമായിരുന്ന അസുഖ അവധികള്‍ സാധാരണയായി ശാരീരിക അസ്വസ്ഥതകളെ അടിസ്ഥാമാക്കിയുള്ളതാണ്. എന്നാല്‍ അണ്‍ഹാപ്പി ലീവ് ജീവനക്കാരുടെ വൈകാരിക ക്ഷേമത്തില്‍ ഊന്നിയതാണ്.

ടെക് കമ്പനിയായ ഗൂഗിളും ലിങ്ക്ഡ് ഇനും സമാനമായ അവധികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ഇന്ത്യയിലെ ഏതാനും കമ്പനികളും മാനസികാരോഗ്യത്തെ മുന്‍നിര്‍ത്തി ലീവ് അനുവദിക്കുന്നുണ്ട്.

Content Highlight: Report says 70% of Indian workers are unhappy

We use cookies to give you the best possible experience. Learn more