ഗസ: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ആഗോള മാധ്യമ സ്വാതന്ത്ര്യ സംഘടനായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്‌റ്‌സ് (സി.പി.ജെ). 2001ന് ശേഷം മാധ്യമ മേഖലയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിനേക്കാള്‍ കൂടുതലാണ് ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ 13 ദിവസത്തിനിടെ നഷ്ടമായതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
കണക്കുകള്‍ പ്രകാരം 17 ഫലസ്തീനികള്‍, മൂന്ന് ഇസ്രഈലികള്‍, ഒരു ലെബനന്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. കൂടാതെ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരെ കാണാതായതായും സി.പി.ജെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘എല്ലാ പ്രതിസന്ധിഘട്ടത്തിലും ജോലി ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മനുഷ്യരാണ് മാധ്യമപ്രവര്‍ത്തകര്‍. അവരെ ലക്ഷ്യമിടുന്ന രീതി അവസാനിപ്പിക്കണം,’ സി.പി.ജെ മിഡില്‍ ഈസ്റ്റിലെ ആഫ്രിക്ക പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശരീഫ് മന്‍സൂര്‍ പറഞ്ഞു.
സംഘര്‍ഷ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജീവന് ഭീഷണിയുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസയിലെ മാധ്യമ പ്രവര്‍ത്തകര്‍ വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാതെയാണ് വാര്‍ത്ത റിപോര്‍ട്ടുകള്‍ ചെയ്യുന്നതെന്നും സി.പി.ജെ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ അസദ് ഷംലാഖ്, അല്‍-ഖംസ വാര്‍ത്ത വെബ്‌സൈറ്റിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് സഈദ് അല്‍ തവര്‍, ഖബര്‍ വാര്‍ത്ത ഏജന്‍സിയിലെ ഫോട്ടോഗ്രാഫറായ മുഹമ്മദ് ശുഐബ്, അതേ വാര്‍ത്ത ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകന്‍ ഹിഷാം അല്‍ വാജ, ഹീബ്രു ഭാഷ പത്രമായ മരിവിന്റെ വിനോദ വാര്‍ത്ത വിഭാഗം എഡിറ്റര്‍ ഷാജി റെഗേവ്, ഇസ്രഈല്‍ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ടെലിവിഷന്‍ ചാനല്‍ കാന്‍ ന്യൂസ് എഡിറ്റര്‍ ആയേലെറ്റ് ആര്‍നിന്‍, ഹീബ്രു ഭാഷ ദിനപത്രമായ ഇസ്രഈല്‍ ഹയോമിന്റെ ഫോട്ടോഗ്രാഫറായ യാനിവ് സൊഹാര്‍, റോയിട്ടേഴ്സ് വിഡിയോഗ്രാഫറായ ഇസ്ലാം അബ്ദുല്ല, അല്‍- അഖ്സ ചാനലിന്റെ വീഡിയോ ജേണലിസ്റ്റായ ഖലീല്‍ അബു ആത്ര എന്നിവരാണ് കൊല്ലപ്പെട്ടത്.
കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ വീടും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടതായും സി.പി.ജെ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും സ്ഥിതിഗതികളില്‍ കൂടുതല്‍ അന്വേക്ഷണം നടക്കുകയാണെന്ന് സി.പി.ജെ അറിയിച്ചു.
Content Highlight: Report says 21 journalists killed in two weeks of Israel- Palestine conflict