യു.പിയില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടിയുടെ മദ്യം; എക്‌സൈസ് കണക്ക്
national news
യു.പിയില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടിയുടെ മദ്യം; എക്‌സൈസ് കണക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2023, 9:05 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടി മദ്യം. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. 85 കോടിയായിരുന്നു മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഗണ്യമായ വര്‍ധനവാണ് മദ്യവില്‍പ്പനയില്‍ രേഖപ്പെടുത്തിയതെന്ന് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ പങ്കുവെച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധ ജില്ലകളില്‍ പ്രതിദിനം 12 മുതല്‍ 15 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് 12 മുതല്‍ 15 കോടി രൂപ വരെ വിലമതിക്കുന്ന മദ്യവും ബിയറും ഉപയോഗിക്കുന്ന ജില്ലകളുണ്ടെന്ന് മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ദിവസേനെയുള്ള വില്‍പനയുടെ കണക്കില്‍ നോയിഡയും ഗാസിയാബാദുമാണ് ഒന്നാം സ്ഥാനത്ത്. 13 മുതല്‍ 14 കോടി രൂപക്ക് വരെ പ്രതിദിനം ഈ ജില്ലകളില്‍ മദ്യവില്‍പന നടക്കുന്നുണ്ട്.

അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 6,786 കോടി രൂപയുടെ മദ്യവില്‍പന നടന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യു.പിയെ അപേക്ഷിച്ച് മദ്യത്തിന് വില കുറവുള്ള ഹരിയാനയില്‍ ശരാശരി 26.53 കോടി രൂപയാണ് പ്രതിദിനം മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം.

ദല്‍ഹിയുടെ തൊട്ടടുത്തുള്ള ഗൗതംബുദ്ധ നഗറില്‍ ഡിസംബറില്‍ മാത്രം 140 കോടി രൂപയുടെ മദ്യം വിറ്റതായി ജില്ലാ എക്‌സൈസ് ഓഫീസര്‍ രാകേഷ് ബഹാദൂര്‍ സിങ് പറഞ്ഞതായി ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.