ന്യൂദല്‍ഹി: “സൊഹ്‌റാബുദ്ദീനെ ആരും കൊന്നിട്ടില്ല” എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൊഹ്‌റാബുദ്ദീന്‍ കേസ് കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ജെയ്റ്റ്‌ലി ആരോപിച്ചത്.
“സൊഹ്‌റാബുദ്ദീന്‍ കേസിന്റെ അന്വേഷണം ആര് കൊന്നു? ” എന്ന് രാഹുല്‍ ചോദിക്കുന്നത് നന്നായിരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ കോടതി ഉത്തരവ് കഴിഞ്ഞയാഴ്ച വന്നിരുന്നു. തെളിവില്ലെന്നു പറഞ്ഞായിരുന്നു കോടതി നടപടി.
ഇതിനു പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നത്. ” ആരും കൊന്നിട്ടില്ല, ഹരേണ്‍ പാണ്ഡ്യ, തുളസീ റാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോംബ്രേ, ശ്രീകാന്ത് ഖഡല്‍ക്കര്‍, കൗസര്‍ ബി, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഇവരെല്ലാം വെറുതെ മരിച്ചതാണ്.” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Also read:ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല: കടകംപള്ളിയെ തിരുത്തി പിണറായി
ഇതിനോട് പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്‌ലി രംഗത്തുവന്നത്. ” സൊഹ്‌റാബുദ്ദീനെ ആരും കൊന്നിട്ടില്ലയെന്ന വിഷയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉയര്‍ത്തി. “സൊഹ്‌റാബുദ്ദീന്‍ കേസ് അന്വേഷണം ആര് കൊന്നു? എന്ന് ചോദിക്കുന്നതായിരിക്കും കൂടുതല്‍ അനുയോജ്യം. അദ്ദേഹത്തിന് ശരിയായ ഉത്തരം കിട്ടും” എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ കുറിപ്പ്.